കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത എം. ശിവശങ്കറിനു നാളെ നിര്‍ണായകം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
സുപ്രീംകോടതി അഭിഭാഷകൻ ശിവശങ്കറിനായി ഹാജരാകുമെന്നാണ് അറിയുന്നത്. കോടതികളില്‍ ജാമ്യാപേക്ഷകളില്‍ ശിവശങ്കര്‍ സ്ഥിരം ആവര്‍ത്തിക്കുന്ന നിരപരാധിയാണെന്ന പല്ലവിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ തീരുമാനം. ശിവശങ്കറിന്റെ വിശ്വാസ്യത തന്നെയാണ് ഇഡി മുന്നില്‍ നിര്‍ത്തുന്നത്.
ഇഡിയോട് പറഞ്ഞില്ല; കസ്റ്റംസിനോട് പറഞ്ഞു
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും വെളിപ്പെടുത്താതെ രഹസ്യമാക്കി വച്ചിരുന്ന പല സുപ്രധാനകാര്യങ്ങളും പിന്നീട് പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശിവശങ്കര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇഡി നിലപാടെടുക്കും.
ഒരു മൊബൈലിനെ കുറിച്ചു മാത്രം സംസാരിച്ചിരുന്ന ശിവശങ്കറിന്റെ പക്കല്‍നിന്നും ഒരു മൊബൈല്‍ കൂടി കണ്ടെത്തുകയും ചെയ്തു. ഇനി ഒരെണ്ണം കൂടി കണ്ടെത്താനുണ്ട്.
ഇയാള്‍ക്കു ജാമ്യം നല്കിയാല് പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കരുക്കള്‍ നീക്കുമെന്ന വാദവും ഇഡി കോടതിയ്ക്കു മുന്നില്‍ നിരത്തും. തുടക്കം മുതല്‍ ഇഡി വ്യക്തമാക്കുന്നതു പോലെ ശിവശങ്കറിനു എല്ലാം അറിയാം.
ഗൂഢാലോചനയുടെ പ്രധാനിയും ഇദേഹമാണ്. ഇഡി അറസ്റ്റു ചെയ്തശേഷം ജയിലിലെത്തിയാണ് കസ്റ്റംസ് അറസ്റ്റു രേഖപ്പെടുത്തിയത്. കസ്റ്റംസിന്റെ കസ്റ്റഡിചോദ്യം ചെയ്യലിലാണ് മൊബൈല്‍ കണ്ടെത്തിയത്.
സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും മറ്റു ഇടപാടുകളിലും ശിവശങ്കറാണ് പ്രധാന പ്രതിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
തെളിവുകൾ നിർണായകമാകും
സ്വപ്നയുടെ കള്ളപ്പണ ഇടപാടുകളില്‍ ശിവശങ്കര്‍ ഇടപെട്ടതിന് വ്യക്തമായ സൂചനകള്‍ ഉണ്ടന്നു കണ്ടെത്തിയാണ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്. സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകള്‍ ശിവശങ്കര്‍ നിരീക്ഷിച്ചിരുന്നു.
ലോക്കര്‍ എടുക്കാന്‍ സഹായിക്കണമെന്ന് മാത്രമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് ആവശ്യപ്പെട്ടുള്ളൂ എന്ന് ശിവശങ്കര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള ആശയവിനിമയത്തില്‍ ചില സൂചനകള്‍ കാണുന്നുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സ്വപ്നയുടെ കള്ളപ്പണം വെളുപ്പിക്കലില്‍ ശിവശങ്കറിന്റെ പങ്കിന് ഇഡി ശക്തമായ സൂചനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വപ്നയുടേയും ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും മൊഴികള്‍ ശിവശങ്കറിന്റെ പങ്കിന് തെളിവാണ്.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ പണമിടപാടുകളിലെ ബന്ധം സംബന്ധിച്ച് ഇഡിക്ക് തെളിവുകള്‍ കിട്ടിയതും നിര്‍ണായകമാണ്.