കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് നാളെ നിര്‍ണായകദിനം.
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
ഇന്നലെ ഹര്‍ജി പരിഹണിച്ച എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഇരുഭാഗം വാദവും കേട്ടശേഷമാണ് വിധി പറയാന്‍ മാറ്റിയിട്ടുള്ളത്.
സ്വര്‍ണക്കടത്ത് കേസിലും കള്ളപണ കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിനു ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍ നാളെ പുറത്തിറങ്ങാനാകും.
ഇത്തരം കേസുകളില്‍ പ്രതിക്കു ജാമ്യം നല്കുന്നതു സംബന്ധിച്ച് ഹൈകോടതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ശിവശങ്കറിന് എതിരാണെന്നാണു കസ്റ്റംസ് ബോധിപ്പിച്ചിട്ടുള്ളത്.
മറ്റൊരു അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ പ്രതികളുടെ രഹസ്യമൊഴികള്‍ പരിശോധിക്കാതെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഈ കേസിലും ബാധകമാണെന്നും കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്നത അധികാരിയായ പ്രതിയുടെ വിദേശ ബന്ധങ്ങളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയാകുന്ന രീതിയും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേശീയ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ വളരെ ഗൗരവത്തോടെ കാണുന്ന കേസില്‍ ശിവശങ്കര്‍ പുറത്തിറങ്ങിയാല്‍ കേസില്‍ അടിപ്പതറുമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.
ഡോളര്‍ കടത്തുമായി തനിക്കു യാതൊരു പങ്കില്ലെന്നും തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. ഡോളര്‍ കടത്ത് കേസില്‍ കോടതി അനുമതിയോടെ കഴിഞ്ഞ ആഴ്ചയാണു കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.