തിരുവനന്തപുരം: നിർണായക ചോദ്യം ചെയ്യലിനായി കസ്റ്റംസ് വാഹനത്തിൽ കൊണ്ടു പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു ആൻജിയോഗ്രാം നടത്തി.
ഇസിജിയിൽ വ്യതിയാനം കണ്ടതിനെത്തുടർന്നാണ് ഇന്ന് രാവിലെ ആൻജിയോഗ്രാം നടത്തിയത്. ശിവശങ്കർ പൂർണ ആരോഗ്യവാനാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രിയിലാണ് ശിവശങ്കറെ കരമനയിലുള്ള സ്വകാര്യ ആശുപത്രിയിലെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ശിവശങ്കറിന്റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തിറക്കും. ഇതിനുശേഷമാകും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുക.
ഡോളർ ഇടപാട്
കസ്റ്റംസും മറ്റ് അന്വേഷണ ഏജൻസികളും ഇതുവരെ ശിവശങ്കറെ ചോദ്യം ചെയ്തതത് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടാണെങ്കിൽ ഇന്നലെ കസ്റ്റംസ് ശിവശങ്കറെ തേടിയെത്തിയത് പുതിയ കേസുമായാണ്. ഡോളർ ഇടപാടുമായി ബന്ധപ്പെട്ടാണു ശിവശങ്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയത്.
ശിവശങ്കര്‍ 16 പ്രാവശ്യത്തോളം വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതില്‍ ആറു പ്രാവശ്യം സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നു. സ്വപ്ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് പല ഘട്ടങ്ങളിലായി കടത്തിയിട്ടുണ്ട് എന്നാണു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്.
ആ ഘട്ടങ്ങളിലെല്ലാം ശിവശങ്കറും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്ന സൂചനകളാണു കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. അതിനാലാണു വെള്ളിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.
അതും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാവുന്ന സമയം കഴിഞ്ഞ ശേഷം. ശനിയും ഞായറും കോടതി അവധിയായതിനാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്കാന് ശിവശങ്കറിന് കഴിയില്ല. ഇന്നലെ വൈകുന്നേരം നാലോടെ കസ്റ്റംസ് സംഘം വീട്ടിലെത്തി ആറു മണിക്കു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകുകയായിരുന്നു.
തർക്കിച്ചു, പിന്നെ വഴങ്ങി
കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലുള്ള ക്രൈം നന്പർ കൃത്യമല്ലെന്ന് ശിവശങ്കർ തർക്കിച്ചിരുന്നു. അപ്പോൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പുതിയ കേസാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ, ശാരീരിക അസ്വസ്ഥതയുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ശിവശങ്കർ അറിയിച്ചു. തുടർന്ന് 5.30 നോടെ നാടകീയമായി പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള
സംഘം ശിവശങ്കറിനെ കസ്റ്റംസിന്റെ കാറിൽ ഓഫീസിലേക്ക് കൊണ്ടുപോകവേ പൂജപ്പുരയ്ക്കു സമീപം വച്ചു ദേഹാസ്വാസ്ഥ്യമുണ്ടാകുകായിരുന്നു. തുടർന്ന് ശിവശങ്കറിന്റെ ഭാര്യ ഡോ. ഗീത ജോലി നോക്കുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയിലാക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥയും ഐബി പ്രതിനിധികളും സ്വകാര്യ ആശുപത്രിയിലുണ്ട്.