കോഴിക്കോട്: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിഇഒക്കെതിരേയുള്ള അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തെങ്കിലും സര്‍ക്കാരിന് ആശങ്ക കൂടുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കാത്തത് സര്‍ക്കാരിന് തിരിച്ചടിയാണ്. യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയും സത്യവാങ്മൂലവും വഴി സിബിഐക്ക് തുടരന്വേഷണത്തിന് ഏത് തലങ്ങളിലേക്ക് വേണമെങ്കിലും എത്താം.
അന്വേഷണം വേണ്ടെന്ന് ഒരു ഘട്ടത്തില്‍ പോലും കോടതി പരാമര്‍ശിച്ചിട്ടില്ലെന്നും ശരിയായ അന്വേഷണത്തിന് ഇപ്പോഴത്തെ സ്റ്റേ തടസമാവില്ലെന്നുമാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം നിലവിലെ അന്വേഷണത്തിന് താത്കാലികമായെങ്കിലും തടയിണയിടാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നത് മാത്രമാണ് ഏക ആശ്വാസം.
യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി സര്‍ക്കാരിനെതിരേയുള്ള ആയുധമായി മാറുമോയെന്നാണ് സിപിഎം ഉറ്റുനോക്കുന്നത്. ആദ്യരണ്ടു ദിവസത്തെ ചോദ്യം ചെയ്യലില്‍ സന്തോഷ് ഈപ്പന് നല്കിയ മൊഴി സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ആശങ്കയിലാക്കുന്നുണ്ട്.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതികളായ സ്വപ്നസുരേഷ്, സന്ദീപ് നായര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്തോഷ് ഈപ്പന് മൊഴിയായി നല്‍കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
മൊഴിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെയും പരാമര്‍ശിച്ചിട്ടുണ്ട്. ശിവശങ്കര്‍ വഴിയുള്ള അന്വേഷണം എവിടേക്ക് വേണമെങ്കിലും എത്താം. എഫ്ഐആര്‍ റദ്ദാക്കാത്ത നിലയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാനും അധികാരമുണ്ട്.
സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ചിലര്‍ക്കും പണം നല്‍കിയത് വിദേശസംഭാവന നിയന്ത്രണ നിയമത്തില്‍ നിരോധനമുള്ള ഗണത്തില്‍പ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ആണെങ്കില്‍ അന്വേഷിക്കാമെന്നാണ് കോടതി വിധിയിലുള്ളത്.
അങ്ങനെയെങ്കില്‍ ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും പരിശോധിക്കും.
നിലവിലെ സാഹചര്യത്തില്‍ ശിവശങ്കറില്‍ നിന്ന് അടുത്ത ദിവസം തന്നെ മൊഴി രേഖപ്പെടുത്താനും അന്വേഷണം ഊര്‍ജിതമാക്കാനുമാണ് സിബിഐ തീരുമാനിച്ചത്.
കഴിഞ്ഞാഴ്ച സിബിഐ ജോയിന്റ് ഡയറക്ടര്‍ കേരളത്തിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അന്വേഷണം എപ്രകാരം വേണമെന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.