കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തിൽ വിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇക്കാര്യം മറച്ചുവച്ചുവെന്ന് കസ്റ്റംസ് കുറ്റപത്രം.
സ്വർണക്കടത്ത് കേസിൽ എന്‍ഐഎ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറെ പ്രതി ചേര്‍ത്തിരുന്നില്ല. ശിവശങ്കർ, സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുള്‍പ്പെടെ 29 പേര്‍ക്കെതിരേയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ 29-ാം പ്രതിയാണ് ശിവശങ്കർ.
നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തുന്ന വിവരമറിഞ്ഞിട്ടും അത് മറച്ചുവച്ചു എന്നതാണ് ശിവശങ്കറിനെതിരായ കുറ്റം. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരാണ് കസ്റ്റംസിന്റെ കേസിൽ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍.
മുഖ്യപ്രതികളായ ഇവര്‍ക്കൊപ്പം ആസൂത്രകന്‍ കെ.ടി. റെമീസും സ്വർണക്കടത്തിൽനിന്നു ലഭിച്ച ലാഭം പങ്കിട്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. പ്രതികള്‍ വന്‍ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നും 3,000 പേജുള്ള കുറ്റപത്രത്തിലുണ്ട്.
പ്രാഥമികഘട്ടത്തില്‍ ആരോപണവിധേയരായ ഫൈസല്‍ ഫരീദ്, യുഎഇ കോണ്‍സല്‍ ജനറല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിദേശത്ത് ഒളിവിലുള്ള ഫൈസല്‍ ഫരീദിനെ പിടികൂടുന്ന മുറയ്ക്ക് പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കോണ്‍സല്‍ ജനറലിനെ പ്രതിചേര്‍ക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. അവര്‍ക്ക് നല്‍കിയിട്ടുള്ള നോട്ടീസിന് മറുപടി ലഭിച്ചശേഷമാകും തുടര്‍നടപടിയിലേക്കു കടക്കുക.നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണ്.
2019ല്‍ പ്രതികള്‍ ഒന്നുരണ്ടു തവണ ട്രയല്‍ നടത്തി. ഇത് ശിവശങ്കറിന് അറിവുണ്ടായിരുന്നില്ല. പിന്നീട് 21 തവണയായി 161 കിലോഗ്രാം സ്വര്‍ണം കടത്തി. ഈ സമയങ്ങളിൽ ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞിരുന്നെന്നു കുറ്റപത്രത്തിൽ പറയുന്നു.
ട്രയല്‍ നടത്തി വിജയകരമെന്നു കണ്ടശേഷം കെ.ടി. റമീസ് ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോട്ടും മലപ്പുറത്തുംനിന്നു നിക്ഷേപകരെ കണ്ടെത്തി. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഇവര്‍ക്കു നല്കി ആഭരണങ്ങളാക്കി മംഗലാപുരം മുതല്‍ ഹൈദരാബാദ് വരെയുള്ള ജ്വല്ലറികളില്‍ വിൽക്കുകയായിരുന്നു.
സ്വര്‍ണം രൂപമാറ്റം വരുത്തിയതിനാല്‍ പിടിച്ചെടുക്കാനായില്ല. പ്രതികളില്‍നിന്നു സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമകളെയും മലപ്പുറത്തെയും കോഴിക്കോട്ടെയും നിക്ഷേപകരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ആകെ 59 പേരെ ചോദ്യം ചെയ്തു.