കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു.
ചോദ്യം ചെയ്യലിനായി ശിവശങ്കർ വെള്ളിയാഴ്ച രാവിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഇതു രണ്ടാം തവണയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തുന്നത്.
മറ്റുപ്രതികളിൽനിന്നു ലഭിച്ച വിവരങ്ങളും നേരത്തെ നൽകിയ മൊഴികളിലും വ്യക്തത വരുത്തുക എന്നതാണ് ശിവശങ്കറിനെ രണ്ടാംതവണയും ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമാക്കുന്നതെന്നാണു കസ്റ്റംസ് നൽകുന്ന സൂചനകൾ.
കേസിലെ മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസിനു കോടതി അനുമതി നൽകിയിട്ടുണ്ട്. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ ജയിൽ വാർഡന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ പ്രത്യേക അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്.