
ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കുരുക്കുമുറുക്കാന്‍ അന്വേഷണ ഏജന്‍സികള്‍. കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും.
എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പെടെയുള്ള മറ്റ് ദേശീയ അന്വേഷണ ഏജന്‍സികളും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. നാളെ പതിനൊന്നിനു കൊച്ചിയിലെ ഓഫീസിലെത്താനാണ് കസ്റ്റംസ് ശിവങ്കറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എല്ലാം ശിവശങ്കറിനറിയമായിരുന്നുവെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍. കസ്റ്റംസിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ എന്‍ഐഎ രംഗത്തുവരാനുള്ള സാധ്യതയുണ്ട്. സന്ദീപ് നായരുടെ മൊഴി അത്രമാത്രം വിലപ്പെട്ടതാണ്.
സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആളാണ് സന്ദീപ്നായര്‍. ഇദേഹത്തിനു ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളത്. സ്വര്‍ണക്കടത്ത് കേസ് ഉണ്ടായ ഉടന്‍ സന്ദീപ് നായരാണ് സ്വപ്നയൊടൊപ്പം ബംഗളൂരിലേക്ക് രക്ഷപ്പെട്ടത്.
ഇവരെ കേരളത്തിന്റെ അതിര്‍ത്തി കടത്തിവിട്ടതു ഉന്നത ഉദ്യോഗസ്ഥരാഷ്ട്രീയബന്ധമാണ്. ബംഗളൂരിലെത്തിയശേഷം ഇവര്‍ ബന്ധപ്പെട്ടതും കേരളത്തിലെ ഉന്നതരെയാണ്. ഇതെല്ലാം ശിവശങ്കറിലേക്കും മറ്റു രാഷ്ട്രീയ നേതാക്കളിലേക്കുമാണ് നീങ്ങുന്നത്. സന്ദീപ് നായരുടെ മൊഴിയുടെ വെളിച്ചത്തിലാണ് എന്‍ഐഎയുടെ അടുത്ത നിലപാട്.
കസ്റ്റംസ് ചോദ്യം ചെയ്യൽ മൂന്നാം തവണ
ശിവശങ്കറിനെ മൂന്നാം തവണയാണു കസ്റ്റംസ് ചോദ്യം ചെയ്യുക. തിരുവനന്തപുരത്തും കൊച്ചിയിലും ഒമ്പതു മണിക്കൂര്‍ വീതം ചോദ്യം ചെയ്തിരുന്നു.
ആദ്യത്തെ രണ്ടു ചോദ്യം ചെയ്യല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള സ്വപ്നയുടെ മൊഴിയുടെ വെളിച്ചത്തിലായിരുന്നെങ്കില് ഇക്കുറി സാമൂഹിക നീതി ഡയറക്ടര്‍ ടി.വി. അനുപമ കസ്റ്റംസിനു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളിലെയും സ്പെഷല്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തതു
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് അന്നത്തെ സാമൂഹിക നീതി ഡയറക്ടര്‍ ടി.വി. അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈന്തപ്പഴ വിതരണത്തിന്റെ ഉദ്ഘാടന ദിവസം രാവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വാക്കാലുള്ള നിര്‍ദേശം നല്‍കിയത്.
കോണ്‍സുലേറ്റുമായി കരാറോ ധാരണയോ ഉണ്ടായിരുന്നില്ല. ജില്ലകളില്‍ വിതരണം ചെയ്തതിന്റെ രേഖകളും അനുപമ കസ്റ്റംസിന് കൈമാറി.നികുതി ഒഴിവാക്കി നയതന്ത്ര ചാനലിലൂടെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം കോണ്‍സുലേറ്റിന്റെ ആവശ്യത്തിനല്ലാതെ പുറത്ത് വിതരണം ചെയ്തതില്‍ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.
2017ല്‍ യുഎഇ വാര്‍ഷികദിനത്തോടനുബന്ധിച്ച് 17,000 കിലോ ഈന്തപ്പഴമാണ് കേരളത്തിലെത്തിച്ചത്. 9000 കിലോഗ്രാം ഈന്തപ്പഴം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതായാണ് രേഖകള്‍. ശേഷിച്ച 8000കിലോഗ്രാം ആര്‍ക്കൊക്കെ നല്‍കിയെന്ന് വ്യക്തമല്ല.
സംസ്ഥാനത്തെ പല വിഐപികള്‍ക്കും കോണ്‍സുലേറ്റിലെത്തിയ വിശിഷ്ടാതിഥികള്‍ക്കും മുന്തിയ ഇനം ഈന്തപ്പഴം എത്തിച്ചിരുന്നു. ഈന്തപ്പഴം ഇറക്കുമതിയുടെ മറവിലും സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
ആഴത്തിലുള്ള അന്വേഷണം വേണം: ഇഡി
ഇതേ സമയം എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ ഏജന്‍സികള്‍ തയാറെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കുന്നത്.
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണ് ഇഡി നടത്തിയിരിക്കുന്നത്. സ്വപ്ന സുരേഷുമായി ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ലഭ്യമായ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്നും കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഫോഴ്സ്മെന്റ് പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടിരുന്നു.
അനൗദ്യോഗികമായി നിരവധി തവണ അദേഹത്തെ കണ്ടുവെന്നും മൊഴിയില്‍ സ്വപ്ന പറയുന്നതായും ഇഡി വെളിപ്പെടുത്തുന്നുണ്ട്. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ കണ്ടതെന്നും സ്വപ്ന എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴിയിലുണ്ട്.