കൊച്ചി: കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യം ഇഡി കോടതിയിൽ ഉന്നയിക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻഡ് റിപ്പോർട്ടിലൂടെ അറിയിക്കും.
ഇന്ന് ഉച്ചയോടെയാകും കൊച്ചിയിലെ കോടതിയിൽ ഇഡി ശിവശങ്കറിനെ ഹാജരാക്കുക. ഇഡി ചോദ്യം ചെയ്ത മറ്റു രണ്ടുപേരും ശിവശങ്കറിനെതിരായാണ് മൊഴി നൽകിയിട്ടുള്ളത്.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും
കേസുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി വൈകാതെ രേഖപ്പെടുത്താനാണ് ഇഡിയുടെ നീക്കം.
നേരത്തെ തന്നെ വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ഇഡി, ചോദ്യം ചെയ്യലിലൂടെ ലഭിച്ച മൊഴികളടക്കം നിരത്തി തെളിവുകൾ ബലപ്പെടുത്താനാകും ശ്രമിക്കുക.
ചോദ്യം ചെയ്യലിലുടനീളം ലൈഫ് മിഷൻ കോഴയിടപാടിൽ താൻ ഒന്നും ചെയ്തില്ലെന്ന വാദമാണ് ശിവശങ്കർ ആവർത്തിച്ചത്.
എന്നാൽ ഇതിനു വിരുദ്ധമായാണ് ലൈഫ് മിഷൻ മുൻ സിഇഒ യു.വി. ജോസ്, ചാർട്ടേർഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ എന്നിവർ മൊഴി നൽകിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി. ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.