ജോണ്സണ് വേങ്ങത്തടം
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു സ്വര്‍ണക്കടത്തിനെക്കുറിച്ച് എല്ലാം അറിയാമെന്ന നിലപാടില്‍ ഉറച്ച് അന്വേഷണ ഏജന്‍സികൾ.
ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലും സ്വപ്ന സുരേഷുമായിട്ടുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. സ്വപ്ന സ്വര്‍ണം കടത്തിയതും കമ്മീഷന് വാങ്ങിയതുമെല്ലാം ശിവശങ്കര്‍ അറിഞ്ഞിരിക്കണം.
സ്വപ്നയുടെ സാമ്പത്തിക അവസ്ഥ മോശമായിരുന്നെന്നും സഹായിക്കാന്‍ പരമാവധി ശ്രമിച്ചെന്നും ജോലി ലഭ്യമാക്കാന്‍ ശ്രമിച്ചെന്നും ശിവശങ്കര്‍ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്.
സ്വപ്നയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ശിവശങ്കര്‍ ദിവസം മുഴുവന്‍ അവര്‍ക്ക് വാട്സാപ് സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു. ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
എല്ലാം ചർച്ച ചെയ്തു
സ്വപ്ന സുരേഷ് എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചിരിക്കുകയാണ്. 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയത് ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ശിവശങ്കറിനെ സംബന്ധിച്ചു നാളെ നിര്‍ണായക ദിനമാണ്. ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ നിലപാട് കടുപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കസ്റ്റംസിന്റെയും തീരുമാനം.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ ശക്തമായ വിവരങ്ങളാണ് ഇഡി കോടതിയില്‍ നല്‍കിയിരിക്കുന്നത്.
ഒരു ബാഗ് നിറയെ പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടനന്റ് വേണുഗോപാലിന്റെ വീട്ടില്‍ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ റിപ്പോര്‍ട്ട്.
ബാഗില്‍ 30 ലക്ഷം രൂപയുമായി ഇരുവരും എത്തിയെന്നും ആ പണം കൈകാര്യം ചെയ്യാന്‍ താന്‍ മടിച്ചെന്നും വേണുഗോപാല്‍ പറഞ്ഞതായി ഇഡി അറിയിച്ചു.
പണം സത്യമായ സ്രോതസില്‍ നിന്നാണെന്നു വിശദീകരിക്കാന്‍ സ്വപ്ന ശ്രമിച്ചെന്നും ലോക്കറില്‍ വയ്ക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും വേണുഗോപാല്‍ അറിയിച്ചതായി ഇഡി പറയുന്നു. ഈ ചര്‍ച്ചയെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലാണു നടന്നതെന്നും അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ വിശദീകരണത്തിലുണ്ട്.
നിർണായകഘട്ടത്തിൽ
സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് അന്വേഷണം ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് നാളെ ഹൈക്കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂര്‍ തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് എന്ന വാദം കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു.
വാദം ശരിവയ്ക്കുന്ന രേഖകള്‍ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയാല്‍ ശിവശങ്കര്‍ പ്രതിരോധത്തിലാകും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശിവശങ്കര്‍ തലസ്ഥാനത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കേസുമായി ബന്ധപ്പെട്ട് നടന്ന കൂടിക്കാഴ്ചയെ പറ്റിയും ഡോളര്‍ കടത്തിനെപ്പറ്റിയും നിര്‍ണായക വിവരങ്ങള്‍ ഇഡിക്കും കസ്റ്റംസിനും ശിവശങ്കറില്‍ നിന്ന് ശേഖരിക്കാനുണ്ട്.
ഈ നീക്കം മുന്നില്‍ക്കണ്ടാണ് രോഗം ഇല്ലാതെയുള്ള ശിവശങ്കറിന്റെ ആശുപത്രിവാസം എന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. കോടതിവിധി ശിവശങ്കറിന് പ്രതികൂലമായാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ കസ്റ്റംസും ഇഡിയും ഒരുങ്ങിക്കഴിഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുടെ ക്രിമിനല്‍ പശ്ചാത്തലം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന മൊഴി നിലനില്ക്കുന്നതും ശിവശങ്കറിന് തിരിച്ചടിയാണ്.