കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സിബിഐയ്ക്കു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി.
ഇന്ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിൽ സിബിഐ ആസ്ഥാനത്താണ് ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. സിബിഐ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇന്ന് ഹാജരാകണമെന്നു കാണിച്ച് നേരത്തെ സിബിഐ ശിവശങ്കറിനു നോട്ടീസ് നൽകിയിരുന്നു.
കേസിൽ ആദ്യമായിട്ടാണ് സിബിഐ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമിക്കാൻ കരാർ നൽകിയതിൽ വൻ തുക കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരേയുള്ള ആരോപണം.
കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരുടെ ചോദ്യം ചെയ്യൽ നേരത്തെ പൂർത്തിയായിരുന്നു.
കേസുമായി ബന്ധപ്പെട്ട സ്വപ്നയെ സിബിഐ കഴിഞ്ഞ ദിവസം രണ്ടാം തവണയും ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കരാറിൽ ശിവശങ്കർ അവിഹിതമായ ഇടപെടലുകൾ നടത്തിയെന്നും ഇതിന് അദേഹത്തിന് കമ്മീഷൻ ലഭിച്ചുവെന്നും ചില പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
സ്വപ്നയുടെ ലോക്കറിൽനിന്ന് എൻഐഎ കണ്ടെടുത്ത ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മീഷനാണെന്നാണ് ആരോപണം. ഇതെല്ലാം ശിവശങ്കർ അന്വേഷണ ഏജൻസിക്കു മുന്നിൽ നിഷേധിച്ചിട്ടുണ്ട്.