തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനോട് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം.
വ്യാഴാഴ്ച അന്വേഷണസംഘം തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് ക്ലബില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച ഹാജരാകാനാണ് അറിയിച്ചിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ പിടിയിലായ പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പ്രതികള്‍ തന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയിലെ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയാണ് വ്യാഴാഴ്ച അദേഹത്തെ വിട്ടയച്ചതെന്നാണ് വിവരം.
കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുള്ള പ്രധാന പ്രതികളായ സ്വപ്നയ്ക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കർ മൊഴിനല്‍കിയിട്ടുള്ളത്.
സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. ഇവരുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചനകൾ.
കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് ഇദേഹത്തെ ചോദ്യം ചെയ്തപ്പോഴും ഇതേ നിലപാടിലായിരുന്നു ശിവശങ്കർ. അതേസമയം നിലവില്‍ പിടിയിലായ പ്രതികളുടെ മൊഴിയിലും ശിവശങ്കറിന്റെ മൊഴിയിലും വൈരുധ്യങ്ങളുള്ളതിനെ തുടര്‍ന്ന് ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.