ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു നാളെ നിര്‍ണായകം. അറസ്റ്റിലേക്കു വരെ നീളുന്ന നിലയിലുള്ള കടുത്ത തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
അഞ്ചാം പ്രാവശ്യമാണ് ചോദ്യം ചെയ്യലിനു തയാറായി എം.ശിവശങ്കര്‍ കസ്റ്റംസിന്റെ മുന്നിലെത്തുന്നത്. ഈന്തപ്പഴം ഇറക്കുമതി മാത്രമല്ല, വിദേശയാത്രയും വിമാനത്താവളം വഴി കടന്നു പോയ ബാഗേജുകളും ശിവശങ്കറിനെ കുരുക്കുമെന്നാണ് സൂചന.
ഇതിനകം 40 മണിക്കൂര്‍ കസ്റ്റംസ് മാത്രം ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിഞ്ഞു. ശനിയാഴ്ച 12 മണിക്കൂറാണ് ചോദ്യം ചെയ്തത്.വെള്ളിയാഴ്ച 11 മണിക്കൂറും ചോദ്യം ചെയ്തു.
ഒന്നും ഓർമയില്ല
വ്യക്തമായ മറുപടി നല്‍കാതെ അറിയില്ല, ഓര്‍മയില്ലെന്ന സ്ഥിരം മറുപടിയുമായി ശിവശങ്കര്‍ കസ്റ്റംസിനെ വട്ടംകറക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തെളിവു കാണിച്ച ചോദ്യങ്ങള്‍ക്കു മാത്രമേ ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുള്ളൂ.
ഈന്തപ്പഴ വിതരണം താനെടുത്ത തീരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നില്ല. ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു.
എന്നാല്‍ തെളിവുകള്‍ മുന്നില്‍ നിരത്തിയാണു കസ്റ്റംസിന്റെ നീക്കം. സ്വപ്നയും ശിവശങ്കറും തമ്മിലുള്ളബന്ധം വ്യക്തമായി പുറത്തു വന്നതോടെ ഇനി ശിവശങ്കറിനു ഒന്നും നിഷേധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനേയും എം. ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമാണ് ചോദ്യം ചെയ്തത്.
ഈന്തപ്പഴവും ഡോളറും
യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി തന്നെയാണ് ശിവശങ്കറിനെ വേട്ടയാടുന്നത്. യുഎഇ കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു നിയമവിരുദ്ധമായി സ്വപ്ന ഡോളര്‍ കടത്തിയതും ഈ വിഷയത്തില്‍ ശിവശങ്കറിന്റെ സഹായവും ചോദ്യശരങ്ങളായി.
കൂടാതെ ശിവശങ്കറും സ്വപ്നയും നടത്തിയ വിദേശയാത്രകളും ബാഗേജുകളെ കുറിച്ചും ചോദ്യം ഉണ്ടായി. യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുവെന്ന ആരോപണത്തിലാണ് ഇപ്പോള്‍ പ്രധാനമായും എം. ശിവശങ്കറിനെ പിടികൂടുന്നത്.
കോണ്‍സുലേറ്റ് ജനറലിന്റെ പേരിലെത്തിയ ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്കു നല്കാന് സാമൂഹ്യനീതി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു.
2017 മെയ് 26ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്നത്തെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴി. ശിവശങ്കര്‍ വാക്കാല്‍ നല്കിയ നിര്‍ദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അനുപമയുടെ മൊഴിയുണ്ട്.
ഇതിൻരെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വപ്ന സുരേഷും പി.എസ്. സരിത്തും ചേര്‍ന്നാണു കൊച്ചി തുറമുഖത്തെത്തി ഈന്തപ്പഴം ഏറ്റുവാങ്ങിയത്.
തെളിവുമായി കസ്റ്റംസ്
ശിവശങ്കറിനെ കള്ളക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണ എജന്‍സികള്‍ വ്യക്തമാക്കിയത്.
എന്നാല്‍ പ്രതികള്‍ മായ്ച്ചു കളഞ്ഞ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ വെളളിയാഴ്ച നല്കിയ മൊഴികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കുന്നതിനാണ് സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്തത്.
ഈന്തപ്പഴം ഇറക്കുമതിയും നികുതിവെട്ടിപ്പും സ്വര്‍ണക്കടത്തും ഒരു പോലെ ശിവശങ്കറിനെ വേട്ടയാടുകയാണ്. ഒന്നും നിഷേധിക്കപ്പെടാത്ത തെളിവുമായി ചൊവ്വാഴ്ച കസ്റ്റംസ് തയാറായി നില്‍ക്കുകയാണെന്നാണ് അറിയുന്നത്.
വിദേശയാത്രയും പ്രശ്നം
സ്വകാര്യ പാസ്പോര്‍ട്ട് ഉപയോഗിച്ചാണു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ 14 വിദേശ യാത്രകള്‍ നടത്തിയതെന്നു കസ്റ്റംസിനു തെളിവു ലഭിച്ചു. ഇക്കൂട്ടത്തിലെ ഔദ്യോഗിക യാത്രകള്‍ക്കു പോലും സ്വകാര്യ പാസ്പോര്‍ട്ടാണ് ഉപയോഗിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്. 14 യാത്രകളില്‍ ആറെണ്ണത്തിലും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചു കൂടുതല്‍ യാത്രകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.
ലൈഫ് മിഷന് ഇടപാടിലെ കമ്മിഷന്, സ്വര്‍ണക്കടത്ത് എന്നിവ വഴി ലഭിച്ച കോടിക്കണക്കിനു രൂപ ഡോളറാക്കി സ്വപ്ന ദുബായിലേക്കു കൊണ്ടുപോയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
1.90 ലക്ഷം ഡോളര്‍ (ഏകദേശം 1.38 കോടി രൂപ) കൊണ്ടുപോയെന്നു സ്വപ്ന തന്നെ അന്വേഷണ ഏജന്‍സികളോടു സമ്മതിച്ചിരുന്നു. വേറെയും തുക കടത്തിയെന്നും ഇതിനു നയതന്ത്ര ചാനലും എം. ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചുവെന്നുമാണു സംശയിക്കുന്നത്