തിരുവനന്തപുരം: സ്വർണകടത്തു കേസിൽ ആരോപണ വിധേയനായ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറാൻ ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്നു തന്നെ സമർപ്പിക്കും. അന്വേഷണ റിപ്പോർട്ട് നൽകാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ഇന്നുഉച്ചയ്ക്കു മുന്പ് റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് കൈമാറും.
എം.ശിവശങ്കർ സ്വർണ കടത്തു പ്രതികളുമായുള്ള ബന്ധം സൂക്ഷിച്ചതിൽ ജാഗ്രത കുറവുണ്ടായെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടെന്ന് അറിയുന്നു.
ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കാണിക്കേണ്ട സൂക്ഷ്മത ശിവശങ്കർ സർവീസിൽ കാണിച്ചില്ലെന്നും പ്രതികളുമായുള്ള ബന്ധം സംശയാസ്പദമാണെന്നും റിപ്പോർട്ടിലുണ്ടെന്ന് അറിയുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറെ ഇന്നു തന്നെ സസ്പെന്റ് ചെയ്യും. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങിയ രണ്ടംഗ സമിതിയെ മൂന്നു ദിവസം മുന്പാണ് ചുമതലപ്പെടുത്തിയത്. ഇന്നു റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി ഉണ്ടാകും.
ഇക്കാര്യം മുഖ്യമന്ത്രി ഇതിനകം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണനുമായും ചർച്ച നടത്തിയിട്ടുണ്ട്. സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമെന്ന നിലയിലാണ് റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കാതെ മുന്നോട്ടു പോകാൻ സർക്കാരിനുമാകില്ല.