കൊച്ചി: സംസ്ഥാനത്തെ മൊത്തം വിരൽതുന്പിൽ കറക്കിയിരുന്ന ഒരു ഉദ്യോഗസ്ഥപ്രമുഖന്റെ ഇന്നലെത്തെ രാത്രി തികച്ചും അപ്രതീക്ഷിതവും നിരാശ നിറഞ്ഞതുമായിരുന്നു. എം.ശിവശങ്കർ ഇന്നലെ കാണപ്പെട്ടതു വളരെ നിരാശനായിട്ടാണ്.
പ്രതിരോധം പൂർണമായും തകർന്ന അവസ്ഥയിൽ. എല്ലാ കെണികളിൽനിന്നും രക്ഷപ്പെടുമെന്ന ആത്മവിശ്വാസം ആദ്യഘത്തിലൊക്കെ പ്രകടിപ്പിച്ചിരുന്ന ഈ ഉദ്യോഗസ്ഥൻ ഒടുവിൽ തലതാഴ്ത്തി. ഒരിക്കലും മായിക്കാനാവാത്ത ഡിജിറ്റൽ തെളിവുകളാണ് ശിവശങ്കറിനു കെണിയൊരുക്കിയത്.
ഫോൺ വിളിച്ചതും ചാറ്റുകളുമൊക്കെ അന്വേഷകർ വീണ്ടെടുത്തതോടെയാണ് ശിവശങ്കർ കുരുങ്ങിയത്. ഇന്നലെ കൊച്ചിയിലേക്ക് എത്തിച്ചപ്പോഴും പിന്നീട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴുമൊക്കെ വളരെ നിരാശനായിട്ടാണ് അദ്ദേഹത്തെ കാണപ്പെട്ടത്.
സംസ്ഥാനത്തെ ഏതു വകുപ്പിനെയും നിയന്ത്രിക്കാൻ ശേഷിയുള്ള ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥൻ എന്ന ലേബലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിക്കു പ്രിയങ്കരനാക്കി മാറ്റിയതും.
അദ്ദേഹത്തെ വിശ്വസിച്ചതിലും വിലയിരുത്തിയതിലും മുഖ്യമന്ത്രി പിണറായി വിജയനു കടുത്ത പാളിച്ച സംഭവിച്ചു. നേരത്തെ സ്പ്രിംഗിൾ കേസിൽ സിപിഐ ശിവശങ്കറിനെതിരേ തിരിഞ്ഞപ്പോൾ അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നെങ്കിൽ ഇപ്പോഴുള്ള ആക്ഷേപം പലതും മുഖ്യമന്ത്രി കേൾക്കേണ്ടി വരില്ലായിരുന്നെന്നു പലരും ചൂണ്ടിക്കാണിക്കുന്നു.