കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് വലിയ തിരിച്ചടി. കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹർജി ഹൈക്കോടതി തള്ളി.
ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.
നിയമപരമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു.ശിവശങ്കറിന് ജാമ്യം നൽകിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കസ്റ്റംസും ഇഡിയും കോടതിയിൽ വ്യക്തമാക്കി.
രണ്ട് അന്വേഷണ ഏജൻസികളുടെയും വാദം അംഗീകരിച്ച ഹൈക്കോടതി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാമെന്ന് അംഗീകരിച്ചു. ശിവശങ്കറിനെ നിയമപരമായ നടപടികളിലൂടെ അറസ്റ്റ് ചെയ്യാൻ തടസമില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റീസ് അശോക് മേനോനാണ് വിധി പറഞ്ഞത്.
തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ശിവശങ്കർ ഇപ്പോൾ. അടുത്ത ഏഴ് ദിവസംകൂടി ചികിത്സയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.