എംജെ ശ്രീജിത്ത്
തിരുവനന്തപുരം മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ രണ്ടാം വട്ട ചോദ്യം ചെയ്യലിനായി എൻഐ.ഐ കൊച്ചിയിലേക്ക് വിളിപ്പിച്ചതിനെ സംസ്ഥാന രഷ്ട്രീയം ഉറ്റുനോക്കുന്നത് ഏറെ ആകാംക്ഷയോടെ.
ശിവശങ്കറിനെ അറസ്റ്റു ചെയ്താൽ ഭരണപക്ഷത്തിനും അറസ്റ്റു ചെയ്തില്ലെങ്കിൽ പ്രതിപക്ഷത്തിനും അതു തിരിച്ചടിയാകും. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി അടക്കം ഭരണപക്ഷം തുടക്കം മുതലെ സ്വീകരിച്ച നിലപാട്. കസ്റ്റംസും എൻഐഎയും ഇതിനകം ശിവശങ്കറിനെ 14 മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ട്.
ഇന്നത്തെ ചോദ്യം ചെയ്യൽ ശിവശങ്കറിനെപ്പോലെ സർക്കാരിനും ഏറെ നിർണായകമാണ്. ശിവശങ്കറിനെ അറസ്റ്റു ചെയ്താൽ എൻ.ഐഎയുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുകയും തെളിവെടുപ്പ് അടക്കം നടത്തേണ്ടി വരികയും ചെയ്യും. അതു ഭരണപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നേരിടേണ്ടിവരിക വലിയ രാഷ്ട്രീയ പ്രത്യാഘാതം ആയിരിക്കും.
മറിച്ചു അറസ്റ്റു ചെയ്യാതെ വിട്ടയച്ചാൽ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങളെ ഒരു പരിധി പ്രതിരോധിക്കാനുള്ള ശക്തി ഭരണപക്ഷത്തിനു ലഭിക്കും.നിലവിൽ ശിവശങ്കറിനെ സ്വർണകടത്തുമായി ബന്ധപ്പെടുത്തുന്ന ഏക മൊഴി സരിത്ത് നൽകിയതു മാത്രമാണ്.
തങ്ങൾ സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന മൊഴിയാണ് സരിത്ത് നൽകിയിരിക്കുന്നത്. ഇതാണ് ശിവശങ്കറിനെ അന്വേഷണ സംഘം വിടാതെ പിന്തുടരാൻ കാരണം. എന്നാൽ സ്വപ്നാ സുരേഷ് ശിവശങ്കറിന് നൽകിയിരിക്കുന്നത് ക്ലിൻ ചിറ്റാണ്.
ശിവങ്കറിന് സ്വർണക്കടത്തു അറിയില്ലെന്നും അദ്ദേഹവുമായി സൗഹൃദം മാത്രമാണെന്നുമാണ് നൽകിയിരിക്കുന്ന മൊഴി. മറ്റു പ്രതികളും ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴികൾ നൽകിയിട്ടില്ല. ശിവശങ്കറിനെ ഈ കേസിൽ അറസ്റ്റ് ചെയ്യണമെങ്കിൽ ശക്തമായ മൊഴികളും തെളിവുകളും ആവശ്യമാണ്.
സംസ്ഥാനത്തെ ഒരു മുതിർന്ന ഐഎ എസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്യുന്പോൾ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരും അതിനാൽ ഏറെ കരുതലോടെയുള്ള നീക്കങ്ങൾ മാത്രമെ എൻഐഎ നടത്തു.
ഇതിനാലാണ് എൻഐഎയുടെ ഡി.ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് കൊച്ചിയിലെത്തിയിരിക്കുന്നത്. നിർണാകമായ കൂടുതൽ തെളിവുകൾ ലഭിക്കാതിരുന്നാൽ അദ്ദേഹത്തെ പ്രോസിക്യൂഷൻ സാക്ഷി ആക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ഇക്കാര്യത്തിലെല്ലാം വ്യക്ത വരുത്താൻ പോകുന്നത് ഇന്നത്തെ ചോദ്യം ചെയ്യലാണ്. ശിവശങ്കർ സാക്ഷിയോ പ്രതിയോ എന്നറിയാൻ ഇനി മണിക്കൂറുകൾ കാത്തിരുന്നാൽ മതിയെന്നാണ് എൻ.ഐഎ വൃത്തങ്ങൾ നൽകുന്ന സൂചന.
ഈ കേസ് ഇനിയും നീട്ടികൊണ്ടു പോയാൽ അതു എൻഐഎ സംബന്ധിച്ചും വിമർശനത്തിന് വിധേയരാകേണ്ടി വരും. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ കേസ് ഏറെ നിർണായകമാകുന്നതും ഇതു കൊണ്ടു തന്നെയാണ്.
ശിവശങ്കർ അറസ്റ്റിലാകാതിരുന്നാൽ ഇതുവരെയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിനും മറുപടി പറയേണ്ടിവരും.