സ്വന്തം ലേഖകന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ തിരികെ ഹാജരാക്കും.
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെയും 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും അഞ്ചു ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.
ഡോളര്‍ കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെയും കസ്റ്റംസ് ഇന്ന് കോടതിയില്‍ കൊണ്ടുവരുന്നുണ്ട്. ശിവശങ്കറിനൊപ്പമിരുത്തിയായിരുന്നു സ്വപ്നയേയും സരിത്തിനേയും കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്തത്.
ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. സ്വര്‍ണക്കളളക്കടത്തില്‍ നിന്നടക്കം ലഭിച്ച കമ്മീഷന് തുക വിദേശത്തേക്ക് കടത്താന്‍ സ്വപ്ന സുരേഷിനെ സഹായിച്ചതിന് ഡോളര്‍ കേസില്‍ എം. ശിവശങ്കറെക്കൂടി പ്രതി ചേര്‍ക്കുമെന്നാണ് സൂചന.
ഇതേ സമയം നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമോപദേശം തേടി. യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ടാണ് സ്വര്‍ണക്കടത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. കള്ളക്കടത്തു സ്വര്‍ണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികള്‍ക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ജൂലൈ ഒൻപതു മുതല്‍ എന്‍ഐഎ നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തിനു പണം മുടക്കിയതിന്റെ പേരില്‍ കേസില്‍ പ്രതികളായവര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഈ സാഹചര്യത്തിലാണു സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താന്‍ നിയമോപദേശം തേടിയത്.മുഖമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ തുടരണം.
കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തുടരുകയോ എന്‍ഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങുകയോയാണ് ഇതിനുള്ള വഴികളെന്നാണ് ഏജന്‍സിക്കു ലഭിച്ച നിയമോപദേശം.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.
നോട്ടീസ് ഇന്നു രവീന്ദ്രന്റെ ഭവനത്തിലെത്തി നേരിട്ടു നല്‍കും. ഇതിനിടെ സ്വര്‍ണക്കളളക്കടത്തുകേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.