എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെയുളള നടപടി ഇന്നു ഉണ്ടാകും. ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു നിർബന്ധിത അവധിയിലേയ്ക്ക് പോയ ശിവശങ്കറിനെ സസ്പെന്റു ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.
രണ്ടു ദിവസം അവധിയായിരുന്നതിനാലാണ് സസ്പെൻഷൻ വൈകിയെതെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോഴുള്ള ഔദ്യോഗിക വിശദീകരണം. തന്റെ ഓഫീസിനെ വിവാദത്തിലാക്കിയ മുൻ വിശ്വസ്തനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായും കൈവിട്ടിരിക്കുകയാണ്.
ശിവശങ്കറിനെ ഇനി ഒരു തരത്തിലും സംരക്ഷിക്കാൻ പാടില്ലെന്ന പാർട്ടി നിർദ്ദേശവും മുഖ്യമന്ത്രിയ്ക്ക് മുന്നിലുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഉണ്ടാക്കി വച്ച വിഴുപ്പ് ചുമക്കേണ്ട കാര്യം സർക്കാരില്ലെന്നാണ് മുതിർന്ന സിപിഎം നേതാവിന്റെ പ്രതികരണം.
സ്വന്തം കാര്യങ്ങൾക്കു വേണ്ടി ഓരോന്നിനും ഇറങ്ങിപ്പുറപ്പെടുന്ന ഉദ്യോഗസ്ഥർ തന്നെ അതിന്റെ ഭവിഷ്യത്തും അനുഭവിക്കണം. അതുകൊണ്ട് മാതൃകാപരമായ നടപടി ഉണ്ടാകുകയും എൻഐഎ അന്വേഷണത്തോട് സർക്കാർ പൂർണമായും സഹകരിക്കുകയും ചെയ്യണമെന്നാണ് സിപിഎം നിലപാട്.
പ്രതിപക്ഷ ആരോപണം സ്വന്തം കുടുബത്തിനു നേരെ വരെ ഈ വിഷയത്തിൽ നീണ്ടതിൽ മുഖ്യമന്ത്രിയും കടുത്ത അമർഷത്തിലാണ്.