കോഴിക്കോട്: ലൈഫ്മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെ ആശങ്കയിലാക്കി സിബിഐ വീണ്ടും എത്തുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരേ അന്വേഷണം തുടങ്ങി ലൈഫ് മിഷനിലെ ക്രമക്കേടുകള്‍ കണ്ടെത്താനാണു ലക്ഷ്യമിടുന്നത്.
യൂണിടാക്ക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനില്‍നിന്നു സമ്മാനമായി ലഭിച്ച ഐഫോണ്‍ ശിവശങ്കര്‍ ഉപയോഗിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
ഇതു വിദേശസഹായ നിയന്ത്രണ ചട്ടത്തില്‍ ലംഘനമാണെന്നു സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലൈഫ് മിഷന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ ഇപ്പോള്‍ ശിവശങ്കര്‍ പ്രതിസ്ഥാനത്താവുമായിരുന്നുവെന്നു സിബിഐ അറിയിച്ചു.
അന്വേഷണത്തിനു ഹൈക്കോടതി വിധിച്ച സ്റ്റേ നീക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സിബിഐ ആസ്ഥാനത്തു നിന്നുള്ള മറുപടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
വീണ്ടും കോടതിയിലേക്ക്
ശിവശങ്കറിനെതിരേയുള്ള നിര്‍ണായക തെളിവുകള്‍ വീണ്ടും കോടതി മുമ്പാകെ സമര്‍പ്പിച്ച് സ്റ്റേ നീക്കാനാണ് സിബിഐ ആലോചിക്കുന്നത്. ശിവശങ്കറിനെതിരേ നേരത്തെ തന്നെ സിബിഐക്കു മൊഴികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് ഈ വിവരങ്ങള്‍ സഹിതം സിബിഐ പ്രാഥമികാന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ടും നൽകി. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ കോടതി സിബിഐ അന്വേഷണം സ്റ്റേ ചെയ്യുകയായിരുന്നു.
കള്ളക്കടത്തുകാരുടെ സഹായത്തോടെ ശിവശങ്കര്‍ ധാരണാപത്രം ഹൈജാക്ക് ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തല്‍. ഇതു ശരിവയ്ക്കുന്നതാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച രേഖകൾ.
ശിവശങ്കറിൽ തുടങ്ങും
സ്റ്റേ നീങ്ങിയാല്‍ ശിവശങ്കറില്‍ അന്വേഷണം തുടങ്ങാനാണ് സിബിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിയമോപദേശവും സിബിഐ തേടുന്നുണ്ട്.
ശിവശങ്കര്‍ വഴി ലൈഫില്‍ ക്രമക്കേടുകള്‍ നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നീക്കത്തിനു കേന്ദ്രസര്‍ക്കാരും സിബിഐക്കു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
ബിജെപി സംസ്ഥാന ഘടകവും സിബിഐ അന്വേഷണം ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ ഇടപെടണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.