സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ ഇനിയെന്തെന്ന കാര്യത്തില്‍ യോഗം ചേരാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം.
ഇനി സ്വീകരിക്കേണ്ട നിലപാടുകളെ ക്കുറിച്ചും നിലവിലെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനില്‍ എത്തിയാല്‍ തുടര്‍ന്നുള്ള രാഷ്ട്രീയ സമരങ്ങളെക്കുറിച്ചുമാണ് നിലവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത്.
അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം മാത്രമേ എന്‍ഐഎ ശിവശങ്കരനെ ചോദ്യം ചെയ്യുകയുള്ളുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചെങ്കിലും തിടുക്കം വേണ്ടെന്നാണ് എന്‍ഐഎ തീരുമാനം. സ്വര്‍ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ കസ്റ്റംസ് മാത്രമാണ് ശിവശങ്കരനെ ചോദ്യം ചെയ്തത്.
ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയായിരിക്കും ശിവശങ്കരനെ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ എന്‍ഐഎ തീരുമാനമെടുക്കുക.
അതേസമയം രാഷ്ട്രീയമാനങ്ങള്‍ നോക്കാതെ ഭികരവാദബന്ധത്തില് മാത്രം ഊന്നി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശമെന്നറിയുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ രാഷ്ട്രീയവിവാദവും അതുവഴിയുള്ള നേട്ടവും മാറ്റി നിര്‍ത്തി സ്വതന്ത്രമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്‍ഐഎ അന്വേഷണം ഭീകരവാദത്തിലേക്കുള്ള ചവിട്ടുപടിയായി മുന്നേറുമ്പോള്‍ തന്നെ സിബിഐ അന്വേഷണം വരുന്നത് തങ്ങള്‍ക്കു രാഷ്ട്രീയ നേട്ടമാകുമെന്നാണ് ബിജെപി സംസ്ഥാനഘടകം വിശ്വസിക്കുന്നത്.
എന്നാല്‍ നിലവില്‍ ഇത് ആവശ്യപ്പെടാന്‍ കഴിയില്ല. കസ്റ്റംസിനും എന്‍ഐഎക്കും പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസില്‍ ഇടപെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേസ് പരമാവധി ലൈംലൈറ്റില്‍ നിര്‍ത്തുക, അവസാന നിമിഷത്തില്‍ സിബിഐ അന്വേഷണം നേടിയെടുത്തു മുഖ്യമന്ത്രിയുടെ ഓഫീസിനെ മുൾമുനയിലാക്കുക എന്ന സമീപനമായിരിക്കും സ്വീകരിക്കുക.
അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീടുകളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതുള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്താനും അവയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുമാണ് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നത്.