ജോണ്സണ് വേങ്ങത്തടം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എം.ശിവശങ്കറിനെ പ്രതിചേര്‍ത്തു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന റസിയുണ്ണി വൈദ്യുതവകുപ്പിന് കീഴിലുള്ള വകുപ്പിലെ ജീവനക്കാരിയെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇവര്‍ക്കു നോട്ടീസ് നല്കാന് തീരുമാനം.
നിലവില്‍ സ്വര്‍ണക്കടത്തുമായി ഇവര്‍ക്കു പ്രത്യക്ഷത്തില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് ഇഡി. എന്നാല്‍ ഇവര്‍ക്കു ശിവശങ്കറിനെ കുറിച്ച് എല്ലാം അറിയാം. ഇത് കൂടുതല്‍ അറിയുക എന്നതാണ് ഇഡിയുടെ ലക്ഷ്യം.
ഇതിനായി നോട്ടീസ് നല്കി വിളിച്ചുവരുത്താനും ശ്രമിക്കും. ഇവര്‍ ഇടയ്ക്കു ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനിലെത്തിയിരുന്നു. ശിവശങ്കറിനെ അറസ്റ്റു്ചെയ്തതോടെ അവധിയില്‍ പോയി എന്ന കണ്ടെത്തലിലാണ് ഇഡി. ഏതായാലും ഇഡി ഇവര്‍ക്കു പിന്നാലെയാണ്.
മൊഴിയെടുക്കും
ഭര്‍ത്താവിന്റെ പേരു ചേര്‍ത്താണ് എം. ശിവശങ്കര്‍ ഫോണില്‍ ജീവനക്കാരിയുടെ പേര് സേവ് ചെയ്തിരുന്നത്. ഇവരില്‍നിന്ന് മൊഴിയെടുക്കുന്നതിനെക്കുറിച്ച് ഇഡി ആലോചിക്കുന്നുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സുമായുള്ള ഇടപാടുകളെക്കുറിച്ചും എം.ശിവശങ്കര്‍ ജീവനക്കാരിയുമായി വാട്സ്ആപ്പില്‍ ദിവസേന ചാറ്റ് ചെയ്തിരുന്നു. ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരാരാണെന്നു വ്യക്തമാക്കിയിരുന്നില്ല.
കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചും ഇവരുമായി ശിവശങ്കര്‍ ചാറ്റ് ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
ലൈഫ് മിഷന് ഇടപാടില്‍ 1.08 കോടിരൂപ കോഴ ലഭിച്ചശേഷം
യൂണിടാക് ബില്‍ഡേഴ്സിനെ ശിവശങ്കര്‍ പലര്‍ക്കും ശുപാര്‍ശ ചെയ്തതായും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ ഉത്തരം നല്‍കിയില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ ശിവശങ്കറിനു ശക്തമായ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി അനുബന്ധ കുറ്റപത്രം സമര്‍പിച്ചത്.ശിവശങ്കറിന്റെ പ്രത്യേക താല്പര്യത്തില് സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥ ശിവശങ്കര്‍
കേസില്‍പ്പെട്ടതോടെ മാതൃസ്ഥാപനത്തിലേക്ക് മടങ്ങുകയും ദീര്‍ഘാവധിയില്‍ പ്രവേശിക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് അവധി എടുക്കല്‍. അതിനിടെ ശിവശങ്കറിനെ പൂര്‍ണമായി പിന്തുണച്ച് അവര്‍ ഇട്ട പഴയ ഫെയ്സ് ബുക്ക് പോസ്റ്റും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ അന്വേഷണത്തിന് ശേഷം ഈ സ്ത്രീക്ക് സ്വര്‍ണക്കടത്തുമായോ മറ്റു അഴിമതികളുമായോ നേരിട്ടു ബന്ധമില്ലന്ന് തെളിഞ്ഞാല്‍ കേസില്‍ സാക്ഷിയാക്കാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആലോചനയുണ്ട്.
അറിയിക്കാഞ്ഞത് വീഴ്ച
ശിവശങ്കര്‍ തന്നെ പ്രത്യേക താല്പര്യം എടുത്ത് നവകേരള മിഷനുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ ഏകോപനം ഏല്പിച്ചിരുന്ന മധ്യ വയസ്ക്കയാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. അടുത്ത ദിവസങ്ങളില്‍ അവര്‍ക്ക് ഇ ഡി നോട്ടീസ് നല്കിയേയ്ക്കും.
ഇ ഡി യുടെ പ്രാഥമിക നിഗമനം അനുസരിച്ച് ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. എന്നാല്‍ പല കാര്യങ്ങളും അവര്‍ക്ക് അറിവുണ്ടായിട്ടും അത് അന്വേഷണ ഏജന്‍സികളെയോ സര്‍ക്കാര്‍ അധികാരികളെയോ അറിയിച്ചിട്ടില്ല. അത് വീഴ്ചയാണ്. ഇക്കാര്യം ഇ ഡി പരിശോധിക്കും.
വിവാദ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെടുത്തി 80 ലക്ഷം രൂപയുടെ അഴിമതിയെക്കുറിച്ചും സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ചും ശിവശങ്കര്‍ ദിനംപ്രതി റസിയുണ്ണിയുമായി വാട്സാപ് ചാറ്റ് നടത്തിയതിന്റെ വിശദാംശങ്ങള്‍ കുറ്റപത്രത്തിലുണ്ട്. എന്നാല്‍ ഈ റസിയുണ്ണി ആരാണെന്നു ഈ ഡി കുറ്റപത്രത്തില്‍ വിശദമാക്കിയില്ല.