സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തി, അവരുടെ വാഹനത്തിൽ കയറ്റിയപ്പോൾ ശിവശങ്കർ കുഴഞ്ഞു വീണിരുന്നു.
എന്നാൽ, ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചോദ്യം ചെയ്യലിനായി അവരുടെ വാഹനത്തിൽ വരാമെന്ന് അറിയിച്ചത് ശിവശങ്കറായിരുന്നു.
ചോദ്യം ചെയ്യൽ നടപടിക്കായി ഇന്നലെ ശിവശങ്കർ ഒരുങ്ങിയിരിക്കുന്നതുപോലെയായിരുന്നു. ഇഡി ഉദ്യോഗസ്ഥർ ഇന്നലെ മറ്റൊരു വാഹനത്തിൽ കൊച്ചിയിലെ ഇഡി ഓഫിസിലെത്താൻ അനുമതി നൽകിയിരുന്നെങ്കിലും ഇഡി വാഹനത്തിൽതന്നെ കയറുകയായിരുന്നു.
ചികിത്സയിലുള്ള ആയുർവേദാശുപത്രി അധികൃതരോട് ആരോഗ്യ സ്ഥിതി ചോദ്യം ചെയ്യലിന് അനുകൂലമാണോ എന്നത് അന്വേഷിച്ചത് അടക്കമുള്ള വിവരങ്ങൾ അദ്ദേഹത്തിനു മുൻകൂട്ടി ലഭിച്ചിരുന്നതായാണു വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ ഇന്നലെ തയാറെടുപ്പു നടത്തിയതെന്നാണു വിവരം.
ശിവശങ്കറെ ഇതുവരെ ചോദ്യം ചെയ്തത് നൂറിലേറെ മണിക്കൂർ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആരോപണത്തിന്റെ നിഴലിലായിട്ട് നാലു മാസം.
ഇതിനിടയിൽ പല തവണകളായി ശിവശങ്കറിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത് നൂറുമണിക്കൂറിലേറെ. ഏറെ നാളുകൾ നീണ്ട നാടകീയതയ്ക്ക് ഒടുവിലാണു ശിവശങ്കറിനെ ആശുപത്രിയിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ കഴിഞ്ഞ ജൂണ്‍ അവസാന വാരം തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജ് എത്തിയ നാൾ മുതൽ തുടങ്ങിയ നീക്കങ്ങളാണ് സംസ്ഥാന ഭരണത്തെ വരെ പിടിച്ചു കുലുക്കും വിധം ശിവശങ്കറിന്റെ കസ്റ്റഡിയിൽ എത്തിയത്.