സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോര്‍ട്ട്.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്നും ഈ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും കോടതിയില്‍ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈഫ് മിഷന്, കെ ഫോണ്‍ ഇടപാടുകളിലെ അഴിമതി സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാൻ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതി) ഇഡി നല്കിയ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്.
സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതു തുടരുന്ന സാഹചര്യത്തില്‍ ഒരു ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അനുവദിച്ചു. 13 ദിവസത്തെ കസ്റ്റഡിക്കുശേഷമാണു ശിവശങ്കറെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
സ്വപ്ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ മുന്‍നിര്‍ത്തിയാണ് ഇഡി മൊഴി ശേഖരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരാള്‍ക്ക് ഇടപാടുകളില്‍ കമ്മീഷന് കിട്ടി. നയതന്ത്ര ചാനല്‍ വഴി ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ കടത്തിയിരുന്ന വിവരവും ശിവശങ്കറിന് അറിയാമായിരുന്നെന്നും തെളിവുകള്‍ സഹിതം റിപ്പോർട്ടിലുണ്ട്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിനു വഴിതെളിച്ചതും ശിവശങ്കറാണ്. കൈക്കൂലി നല്‍കിയതിനാലാണു ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ യുണിടാക്കിനു ലഭിച്ചത്. ഇതടക്കം എല്ലാ കൈക്കൂലി വിവരങ്ങളും ശിവശങ്കറിനറിയാമായിരുന്നു.
കെ ഫോണ്‍ പദ്ധതിയിലും സന്തോഷ് ഈപ്പനെ ഭാഗമാക്കാന്‍ ശിവശങ്കര്‍ താല്‍പര്യപ്പെട്ടിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ശിവശങ്കറുമായി അടുപ്പമുള്ള ചിലരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് എന്ന നിലയില്‍ ശിവശങ്കറുടെ ഇടപെടലില്ലാതെ നയതന്ത്ര ചാനല്‍ വഴി 20 തവണയോളം സ്വര്‍ണം കടത്തികൊണ്ടുവരാന്‍ പ്രതികള്‍ക്കു കഴിയില്ല. സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങളില്‍ ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ട്.
സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളില്‍നിന്ന് ഇക്കാര്യങ്ങൾ വ്യക്തമാകുന്നുണ്ടെന്നും ഇഡി പറയുന്നു.
കടുത്ത നടപടികളിലേക്ക് ഇഡി കടക്കുമെന്നതിന്റെ സൂചനയാണ് ഇഡിയുടെ ഈ റിപ്പോർട്ടെന്നാണു വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ശിവശങ്കറിന്റെ സംഘത്തിനു കള്ളക്കടത്ത് വിവരങ്ങള്‍ അറിയാമായിരുന്നെന്ന പരാമർശം കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുന്നു. കോവിഡ് ബാധിച്ചതു മൂലം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.
ലോക്കറിലെ ഒരു കോടി ശിവശങ്കറിന്റെ വിഹിതം
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ്മിഷന് പദ്ധതിയില്‍ ശിവശങ്കറിനു ലഭിച്ച കോഴ വിഹിതമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.
ശിവശങ്കറിനുള്ള വിഹിതം സ്വപ്നയ്ക്കു നല്കിയതു യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഖാലിദാണ്.
ലൈഫ് മിഷനിലെ ആകെ 36 പദ്ധതികളില്‍ 26 എണ്ണവും രണ്ടു കമ്പനികള്‍ക്കാണു ലഭിച്ചത്. ഇതു സ്വപ്നയുടെ സ്വാധീനത്താലാണ്.
ലൈഫ് മിഷന് ടെന്‍ഡര്‍ വിവരങ്ങള്‍ ശിവശങ്കര്‍ കൃത്യമായി സ്വപ്നയ്ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ ഇഡി പറയുന്നു.
ചോദ്യം ചെയ്യലില്‍ പണമൊന്നും താന്‍ കൈപ്പറ്റിയിരുന്നില്ലെന്നാണ് ശിവശങ്കര്‍ ഇഡിയോടു പറഞ്ഞിരുന്നത്.
ലോക്കറില്‍നിന്ന് ഇഡി കണ്ടെത്തിയ പണം സ്വപ്നയുടേതാണെന്നും തന്റെ സുഹൃത്തായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോട് സ്വപ്നയുടെ ആവശ്യപ്രകാരമാണ് ലോക്കര്‍ തുറക്കാന്‍ പറഞ്ഞതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു.
വിദേശത്തുനിന്നുളള സാമ്പത്തിക സഹായം സ്വീകരിക്കുമ്പോള്‍ ഇടനിലക്കാര്‍ക്കു കമ്മീഷന് കിട്ടുന്നത് തെറ്റല്ലെന്നാണ് തനിക്കു ലഭിച്ച നിയമോപദേശമെന്നും ശിവശങ്കർ പ്രതികരിച്ചിരുന്നു.