സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു. ഇന്നലെ തിരുവനന്തപുരം പേരൂർക്കട പോലീസ് ക്ലബ്ബിൽ അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തശേഷം രാത്രി ഒന്‍പതരയോടെ അദ്ദേഹത്തെ വിട്ടയച്ചു.
സ്വർണക്കടത്ത് ബന്ധവും തീവ്രവാദബന്ധവുമുള്ള ചിലരുടെ ചിത്രങ്ങൾ എൻഐഎ സംഘം ശിവശങ്കറെ കാണിച്ചുവെന്നാണു വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമൊത്ത് ചിത്രത്തിൽ ഉള്ളവർ അദ്ദേഹത്തെ വന്നു കണ്ടുവോയെന്നും എൻഐഎ സംഘം ചോദിച്ചെന്നും സൂചനയുണ്ട്.
സ്വർണക്കടത്തു കേസിൽ നേരത്തേ കസ്റ്റംസ് ഒൻപതു മണിക്കൂറിലധികം ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയെത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചിരുന്ന രണ്ടു ദിവസം ശിവശങ്കറിന്റെ സഹായം സ്വപ്ന സുരേഷ് തേടിയോ എന്നതാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.
ശിവശങ്കറിനു തങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്ന് കേസിലെ ഒന്നാം പ്രതി സരിത് നേരത്തേ മൊഴി നൽകിയിരുന്നു. പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധമാണ് എൻഐഎ പരിശോധിക്കുന്നത്.
പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പ്രതികളുടെ വീട്ടിൽ നിന്നു റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ.