മുംബൈ: ലോട്ടറിയടിച്ചു കിട്ടിയ കോടികൾ വിലമതിക്കുന്ന ഫ്ളാറ്റ് ശിവസേനാ പ്രവർത്തകൻ വേണ്ടെന്നുവച്ചു. വാസ്തു പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിനോദ് ഷിർക്കെ എന്നയാളുടെ നടപടി. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ ശിവസേനാ ശാഖയുടെ തലവനാണ് ഷിർക്കെ.
കഴിഞ്ഞ ഡിസംബറിലാണ് മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) ലോട്ടറി നറുക്കെടുപ്പിൽ ഷിർക്കെ വിജയിക്കുന്നത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലമതിക്കുന്ന രണ്ടു ഫ്ളാറ്റുകളാണ് ഇയാൾക്കു സമ്മാനമായി ലഭിച്ചത്. ഇതിൽ ഏതെങ്കിലും ഒന്നു ഷിർക്കെയ്ക്കു തെരഞ്ഞെടുക്കാം. എംഎച്ച്എഡിഎ ലോട്ടറി നറുക്കെടുപ്പിൽ വിറ്റുപോകുന്ന ഏറ്റവും വിലകൂടിയ ഫ്ളാറ്റുകളായിരുന്നു ഇവ.
എന്നാൽ, വാസ്തു പ്രശ്നം ചൂണ്ടിക്കാട്ടി ഇതിൽ വിലകൂടിയ ഫ്ളാറ്റ് ഏറ്റെടുക്കാൻ ഷിർക്കെ വിസമ്മതിക്കുകയായിരുന്നെന്നു ബിഎംസി പ്രതിനിധി അറിയിച്ചു. വാസ്തു ഉപദേശകന്റെ നിർദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ഷിർക്കെ പറഞ്ഞു.
മികച്ച രാഷ്ട്രീയ ഭാവിക്കും സാമൂഹ്യ ജീവിതത്തിനും ഫ്ളാറ്റിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് തന്റെ വാസ്തു ഉപദേശകൻ നിർദേശിച്ചു. എന്നാൽ വിലകൂടിയ ഫ്ളാറ്റിൽ ഇതിനു കഴിയില്ല. രണ്ടാം ഫ്ളാറ്റിൽ മാറ്റങ്ങൾക്ക് അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് 4.99 കോടി വിലമതിക്കുന്ന ഫ്ളാറ്റ് തെരഞ്ഞെടുക്കാൻ താൻ തീരുമാനിക്കുകയായിരുന്നെന്ന് ഷിർക്കെ പറയുന്നു.