വടകര : ക്ഷീര കർഷകരുടെ അടിയന്തര പ്രധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ കേരള പിറവി ദിനത്തിൽ ക്ഷീര കർഷകന്റെ ചങ്ങല ബന്ധന സമരം ജനശ്രദ്ധയാകർഷിച്ചു. ഒഞ്ചിയത്തെ ക്ഷീര കർഷകൻ ശിവശങ്കരനാണ് വടകര ഗാന്ധി പ്രതിമക്ക് സമീപം വ്യത്യസ്തമായ സമരം നടത്തിയത്.
സംസ്ഥാന സർക്കാർ ക്ഷീരകർഷകരിൽ നിന്നു വിഹിതമായി 20 രൂപ വാങ്ങുന്നുണ്ട്. എന്നാൽ ഇതുവരെ നൽകി വന്ന നാമമാത്ര പെൻഷൻ പോലും നിർത്തിവെക്കുകയാണ് ചെയ്തത്. പെൻഷൻ നിർത്തലാക്കിയത് കർഷകർക്ക് ഇരുട്ടടിയായി മാറിയെന്ന് ശിവശങ്കരൻ പറഞ്ഞു.
ക്ഷീര കർഷകരെ പുഞ്ചിരിതൂകി വഞ്ചിക്കുകയാണ് മിൽമയും പാൽവിതരണ സംഘങ്ങളുമെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. സഹകരണ സംഘങ്ങൾക്ക് വലിയ വരുമാനം ലഭിക്കുന്പോൾ കർഷകനു തുച്ചമായ സംഖ്യയാണ് കിട്ടുന്നത്. ക്ഷീരകർഷകർക്ക് ആനുകൂല്യം നൽകുന്നതിൽ സർക്കാർ വലിയ അലംഭാവമാണ് കാണിക്കുന്നതെന്നും ശിവശങ്കരൻ പറയുന്നു.
60 കഴിഞ്ഞ എല്ലാ ക്ഷീര കർഷകർക്കും പെൻഷൻ അനുവദിക്കുക, കാലിത്തീറ്റ വില വർധനവ് നിയന്ത്രിക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, പശുവിന് നികുതി ചുമത്താനുള്ള നീക്കത്തിൽ നിന്ന് പി·ാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും ശിവശങ്കരൻ പറഞ്ഞു. സമരത്തിന് അഭിവാദ്യമർപ്പിച്ച് ഗാന്ധിയൻ കണ്യത്ത് കുമാരൻ, വി.രാഘവൻ, എം. ബാലകൃഷ്ണൻ, എ.വി.ഗണേശൻ, എം.എം.രാജീവൻ എന്നിവർ പ്രസംഗിച്ചു.