മെഡിക്കല്‍കോളജ്: മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ഭാര്യയുടെ തീരുമാനത്തിന് വിദേശത്തു നിന്നും മക്കളുടെ പിന്തുണ സന്ദേശമായെത്തി. കൊറോണക്കാലത്തെ മൂന്നാമത്തെ അവയവദാനത്തിന് കളമൊരുങ്ങി.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കര എഴുകോണ്‍ ദേവീപ്രസാദത്തില്‍ ശിവപ്രസാദിന് (59) മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
ഏപ്രില്‍ 27നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവിന്റെ വിയോഗം തീര്‍ത്ത ശൂന്യത മുന്നിലുണ്ടെങ്കിലും അവയവദാനത്തിന്റെ സാധ്യതയെപ്പറ്റി ശിവപ്രസാദിന്റെ ഭാര്യ ഗിരിജാ പ്രസാദ് തന്നെയാണ് ആശുപത്രി അധികൃതരോട് ആരാഞ്ഞത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വത്തിലായ രോഗികള്‍ക്ക് തണലാകാന്‍ ഗിരിജാ പ്രസാദ് എടുത്ത തീരുമാനം വിദേശത്തുള്ള മക്കള്‍ ശരത് പ്രസാദും ശ്യാം പ്രസാദും അംഗീകരിക്കുകയായിരുന്നു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടിലെത്താന്‍ കഴിയാതിരുന്ന മക്കള്‍ അമ്മയുടെ തീരുമാനത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. മുരളീധരന്റെ നേതൃത്വത്തില്‍ അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള സംരക്ഷണ നടപടികള്‍ സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസുകളുടെ ഇടപെടലില്‍ അവയവദാന നടപടികള്‍ മറ്റു സാങ്കേതിക തടസങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അഥോറിറ്റി കൂടിയായ ഡിഎംഇ ഡോ. എ. റംലാബീവി, കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. എം.കെ അജയകുമാര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനം അവയവ ദാതാവും സ്വീകര്ത്താക്കളുമായുള്ള ഏകോപനം വേഗത്തിലാക്കി. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലുമടക്കം അഞ്ചുപേര്‍ക്കാണ് അവയവങ്ങള്‍ നല്‍കിയത്. മെഡിക്കല്‍ കോളജിലെ രോഗിക്ക് യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ പോറ്റി, ഡോ. ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തില്‍ വൃക്ക വച്ചുപിടിപ്പിക്കുകയും ചെയ്തു. വിദേശത്തായിരുന്ന ശിവ പ്രസാദ് ഓഗസ്റ്റില്‍ നാട്ടിലെത്തി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.