തിരുവനന്തപുരം: ഒന്നര കോടിയോളം രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയ ബാങ്ക് ലോക്കർ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുമായി ചേർന്നു തുടങ്ങിയതു മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കുരുക്കാകുന്നു.
ഇത് കള്ളക്കടത്തിലൂടെ ലഭിച്ചതാണോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധന തുടങ്ങി.
റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ നേടിയ കോടിക്കണക്കിനു രൂപയാണു ബാങ്ക് ലോക്കറിലുള്ളതെന്നാണു സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നൽകിയത്. എന്നാൽ, ഇക്കാര്യം കസ്റ്റംസും എൻഐഎയും വിശ്വാസത്തിലെടുത്തിട്ടില്ല.
ബാങ്ക് ലോക്കർ ഓപ്പറേറ്റ് ചെയ്തിരുന്നതു താനല്ലെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കർ പറഞ്ഞിട്ടാണു ജോയിന്റ് അക്കൗണ്ടിൽ ലോക്കർ തുടങ്ങിയതെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും വിശ്വാസത്തിലെടുത്തിട്ടില്ല.
ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തശേഷം ഇദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന നഗരത്തിലെ സ്ഥാപനത്തിൽ കസ്റ്റംസും എൻഐഎയും പരിശോധന നടത്തി. ഇവിടെനിന്നു ചില സുപ്രധാന രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
സിനിമാ പ്രവർത്തകർ അടക്കമുള്ളവരുടെ വിദേശത്തുനിന്നെത്തുന്ന കള്ളപ്പണവുമായി ബന്ധപ്പെട്ട ചില രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ടെന്നാണു സൂചന.
ലോക്കറിൽനിന്നു കണക്കിൽ പെടാത്ത സ്വർണവും പണവും പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരേ കസ്റ്റംസ് ആക്ട് അനുസരിച്ചും കുറ്റം ചുമത്താം. സാന്പത്തിക കുറ്റകൃത്യ കോടതിയിലാകും കേസ് നടപടികൾ.
ലോക്കറിലുണ്ടായിരുന്നത് രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. സ്വർണക്കടത്തിലെ പണമല്ലെങ്കിൽ, പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടി വരും.
ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് ലോക്കറെടുത്തതെന്നും പണം തന്റേതല്ലെന്നുമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയിലാകെ ദുരൂഹത നിലനിൽക്കുകയാണ്.