കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ കസ്റ്റംസിനു കോടതിയുടെ രൂക്ഷവിമര്‍ശനം.
കുറ്റം എന്തെന്നുപോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ മാധവന്നായരുടെ മകന് ശിവശങ്കര്‍ എന്നു മാത്രമാണു പരാമര്‍ശിച്ചിരിക്കുന്നത്.
ശിവശങ്കറിനെ പേടിയാണോ എന്നും പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്തെന്ന് അറിയാഞ്ഞിട്ടാണോ കോടതി രേഖയിൽ എഴുതാത്തതെന്നും അഡീഷണല്‍ സിജെഎം കോടതി ചോദിച്ചു.
കസ്റ്റംസിനെ വിമർശിച്ചെങ്കിലും ശിവശങ്കറിനെതിരേ ആരോപിക്കുന്ന കുറ്റം അതീവഗൗരവതരം തന്നെയാണെന്നു നിരീക്ഷിച്ച കോടതി, ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.
കോടതി രൂക്ഷപരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശിവശങ്കർ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരായിരുന്നു. ശിവശങ്കറിന്റെ ഉന്നതപദവികളെക്കുറിച്ചു കസ്റ്റംസ് എന്തുകൊണ്ടു മൗനം പാലിക്കുന്നുവെന്നു പറയണമെന്നു കോടതി ആവശ്യ പ്പെട്ടു.
കേസില്‍ മറ്റെല്ലാ ഏജന്‍സികളും നടപടികളെടുത്തശേഷം പതിനൊന്നാം മണിക്കൂറിലാണു കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതിനു പ്രേരിപ്പിച്ച ഘടകമെന്ത്? നിങ്ങള്‍ തന്നെയല്ലേ ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തത്?
ശിവശങ്കറിനെ എന്തിന് ചോദ്യം ചെയ്യണമെന്നുപോലും കസ്റ്റംസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ല. പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും കോടതി വിമർശിച്ചു.
ശിവശങ്കര്‍ വഹിച്ച പദവികള്‍ എണ്ണിയെണ്ണി പറഞ്ഞാണു കോടതി വിധി പറഞ്ഞത്. വിധിയില്‍ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നും മുന്‍ ഐടി സെക്രട്ടറിയെന്നും പ്രത്യേകം പരാമര്‍ശിക്കുന്നു. ശിവശങ്കറിന്റെ ഔദ്യോഗിക പദവികളെക്കുറിച്ചുള്ള കസ്റ്റംസിന്റെ മൗനം കോടതി വിധിയില്‍ രേഖപ്പെടുത്തി.
കള്ളക്കടത്തില്‍ എങ്ങനെയാണു ശിവശങ്കര്‍ ഒത്താശ ചെയ്തതെന്നു കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറയുന്നില്ല. എന്നാൽ ശിവശങ്കറിനെതിരെ ആരോപിക്കുന്ന കുറ്റം അതീവ ഗൗരവതരം തന്നെയാണ്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണിത്.
കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സമയം ശിവശങ്കര്‍ ഉന്നതപദവികളിലായിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയോ എന്ന് കസ്റ്റംസ് തെളിയിക്കേണ്ടതുണ്ട്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തേണ്ടതുണ്ട്.
പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട്ടെ ജില്ലാ ജയിലിലെത്തിയാണ് ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സരിത്, ശിവശങ്കര്‍, സ്വപ്ന എന്നിവരെ കസ്റ്റംസ് ആദ്യം വെവ്വേറെയും ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യും.
ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്.