കെ.എ. അബ്ബാസ്
പൊൻകുന്നം: പള്ളിക്കത്തോട്ടിൽ നിന്നും ഇടഞ്ഞോടിയ കൊന്പനെ 14 മണിക്കൂറിനുശേഷം ഇളങ്ങുളത്ത് ഇന്നു രാവിലെ 7.30നു തളച്ചു.ഇന്നലെ വൈകുന്നേരം അഞ്ചിനു പള്ളിക്കത്തോട്ടിലെ നെയ്യാട്ടുശേരിയിൽ തടിപിടിക്കാൻ കൊണ്ടുവന്ന ശിവസുന്ദർ എന്ന ആനയാണ് ഇടഞ്ഞോടി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയത്.
ഇന്നു രാവിലെ ഇളങ്ങുളത്ത് വയലുങ്കൻ പടിക്ക് സമീപം കുട്ടിയച്ചന്റെ പുരയിടത്തിലെ റബർ തോട്ടത്തിലാണ് ആനയെ തളച്ചത്. ഇന്നലെ രാത്രി 10.30നു ഇളങ്ങുളത്ത് വെള്ളാപ്പാണിയുടെ പുരയിടത്തിൽ ആനയെ കണ്ടിരുന്നു.
ആന വൈദ്യുതിത്തൂണ് തകർത്തതിനാൽ ഈ പ്രദേശം മുഴുവൻ ഇരുട്ടിലായിരുന്നു. രാത്രിയിൽ 11മണി കഴിഞ്ഞപ്പോഴും ആനയെ നാട്ടുകാർ കണ്ടിരുന്നെങ്കിലും തളയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
പിന്നിട് കൊന്പൻ ഇരുട്ടിൽ മറയുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടിനു വെള്ളിക്കുഴി ഭാഗത്ത് ആനയെ കണ്ടെത്തി.
വെള്ളിക്കുഴി- നെയ്യാട്ടുശേരി റോഡിൽ കൂടിയുംപുരയിടം വഴിയും ഓടി കൊന്പൻ ഒടുവിൽ കല്ലറക്കൽ പുരയിടത്തിൽ എത്തി നിന്നശേഷം വീണ്ടും ഓടുകയായിരുന്നു. ഒടുവിൽ വയലുങ്കൽപടിയിൽ കുട്ടിയച്ചന്റെ പുരയിടത്തിൽ എത്തിയ ആനയെ വിവിധ സ്ഥലങ്ങളിൽ
നിന്നും എത്തിയ പാപ്പാന്മാരും സഹായികളും ചേർന്ന് തളയ്ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ മയക്ക് വെടി വിദഗ്ധരും പള്ളിക്കത്തോട്, പൊൻകുന്നം എന്നിവടങ്ങളിൽ നിന്നും പോലീസ് സേനയും എത്തിയിരുന്നു.
പല സ്ഥലങ്ങളിലും ആന കൃഷിയിടങ്ങൾ നശിപ്പിക്കുകയും ഓട്ടോറിക്ഷ കുത്തിമറിയ്ക്കുകയും ചെയ്തിരുന്നു. വാഴൂർ സ്വദേശിയുടെതാണ് ആനയെ ഇന്നലെ രണ്ടാംതോട് മേച്ചേരിൽ പുരയിടത്തിൽ തടിപിടിക്കാനാണ് എത്തിച്ചത്. പണിക്കൂശേഷം കുളിപ്പാക്കാനായി തോട്ടിലിറക്കിയപ്പോഴാണ് ആന ഇടഞ്ഞ് കരയ്ക്കു കയറി ഓടിയത്.