ന്യൂഡൽഹി: കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈന് അനുകൂലമാണ് കേന്ദ്രനിലപാടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സാങ്കേതിക സാന്പത്തിക കാര്യങ്ങളിൽ കേന്ദ്രം കൂടുതൽ വ്യക്തത തേടി. അതിന് മറുപടി നൽകി പദ്ധതിയുമായി മുന്നോട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം അതിവേഗ റെയിൽപ്പാതയ്ക്കായി എടുക്കുന്ന വായ്പയുടെ ബാധ്യത എറ്റെടുക്കില്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പദ്ധതി പൂർത്തീകരണത്തിനായി രാജ്യാന്തര ഏജൻസികളിൽനിന്ന് എടുക്കുന്ന വായ്പകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലുമണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ (സിൽവർ ലൈൻ) പദ്ധതിക്കായി ധനകാര്യവകുപ്പ് വഴി ജിഐസിഎ, എഡിബി, എഐഐബി, കെഎഫ്ഡബ്ല്യു എന്നിവയിൽനിന്ന് 3700 കോടി രൂപ വായ്പ എടുക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.
എന്നാൽ, ഈ കടബാധ്യത റെയിൽവേയ്ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നുമാണ് ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്.
കടബാധ്യത സംസ്ഥാനത്തിനു തന്നെ ഏറ്റെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കുകയും ചെയ്തു.
63,941 കോടി രൂപയുടെ പദ്ധതിയാണ് സിൽവർ ലൈൻ. ഇതിൽ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടർ ഭൂമിയും റെയിൽവേയുടേതാണ്. ബാക്കി തുക സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതുണ്ട്.
13,362 കോടി രൂ ഭൂമി ഏറ്റെടുക്കുന്നതിനായി വേണ്ടിവരും. ഇത് ഹഡ്കോയും കിഫ്ബിയും സംസ്ഥാന സർക്കാരും ചേർന്നു വഹിക്കും. ബാക്കിയുള്ള തുക റെയിൽവേ, സംസ്ഥാന സർക്കാർ, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും.
പദ്ധതിക്ക് റെയിൽവേ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകിയിട്ടുണ്ട്. അനുമതിക്കായി വിശദമായ പദ്ധതി റിപ്പോർട്ട് കേരള സർക്കാർ റെയിൽവേ ബോർഡിന് സമർപ്പിച്ചുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ധനമന്ത്രാലയവും അനുമതി നൽകിയിട്ടുണ്ട്.