കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രനു സ്ത്രീപീഡനകേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍.
പട്ടികജാതിക്കാരിയായ യുവതിയാണ് സിവിക്കിനെതിരേ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിക്കാരിയുടെ എസ്എസ്എല്‍സി ബുക്കില്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട കോളത്തില്‍ ജാതിയും മതവും രേഖപ്പെടുത്താത്തതിനാല്‍ പട്ടിക ജാതി,വര്‍ഗ അതിക്രമ നിയമത്തിലെ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം നല്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സ്ത്രീപീഡന പരാതിയില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക ചോദനയ്ക്ക് കാരണമായതായി കഴിഞ്ഞ ദിവസം സിവിക്കിനു മുന്‍കൂര്‍ ജാമ്യം നല്കിയ മറ്റൊരു ഉത്തരവില്‍ കോടതി നടത്തിയ പരമാര്‍ശം വിവാദമായിരുന്നു.അതിനിടയിലാണ് ആദ്യ പരാതിയിലെ ജാമ്യ ഉത്തരവും വിവാദമായിട്ടുള്ളത്.
ഹൈക്കോടതിയിൽ അപ്പീൽ
രണ്ടു യുവതികളുടെ പരാതിയിലും കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യ പരാതിക്കാരി പട്ടികജാതിക്കാരിയായ യുവതിയായിരുന്നു.
ഈ കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നത്. പട്ടിക ജാതി അതിക്രമ നിയമത്തിന്റെ സാധ്യതകൂടി പരിഗണിച്ച് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
എന്നാല്‍ എസ്എസ്എല്‍സി ബുക്കില്‍ ജാതിയും മതവും രേഖപ്പെടുത്താത്തതിനാല്‍ ഇതു നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുെട നിരീക്ഷണം
. സിവിക്കിനു മുന്‍കുര്‍ ജാമ്യം നല്കിയ ഈ കേസില്‍ യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
നിരാശാജനകമെന്ന്
കോടതി ഉത്തരവ് നിരാശാജനകമാണെന്ന് ആദ്യ സംഭവത്തിലെ അതിജീവിത പറഞ്ഞു. ജോലി, കുടുംബം, സാമൂഹിക മേഖലയിലെ ഇടപെടല്‍ തുടങ്ങിയവയൊക്കെ മാറ്റിവച്ചാണ് ദുരനുഭവത്തെ നിയമപരമായി നേരിടാന്‍ തീരുമാനിക്കുന്നത്.
ഏതൊരു സ്ത്രീയെ സംബന്ധിച്ചും പല ആലോചനകള്‍ക്കുശേഷം തുറന്നുപറയാന്‍ തയാറാകുമ്പോള്‍ നീതിപീഠത്തില്‍ നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് അവര്‍ പറയുന്നു.
ദളിത് മേഖലയില്‍ അവരുടെ ഉന്നമനങ്ങള്ക്കായും സാമൂഹിക പ്രശ്നങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളായതുകൊണ്ട് ഇദ്ദേഹം മറ്റൊരു ദളിത് സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറില്ല എന്നായിരുന്നു ആ േകാടതി വിധയില്‍ ഉണ്ടായിരുന്നതെന്ന് അതീജിവിത പറഞ്ഞു.
വിശ്വസിക്കാതെ…
രണ്ടാമത്തെ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക്കിനു ജാമ്യം നല്‍കിയപ്പോഴാണ് പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക ചോദനത്തിനു കാരണമായതായി കോടതി നിരീക്ഷിച്ചിരുന്നത്. ഇത് വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു..
വനിതാകമ്മിഷന് ചെയര്‍പേഴ്സണടക്കം ഈ ഉത്തരവിനെതിരേ രംഗത്തുവന്നിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോ പരിശോധിച്ചതില്‍ നിന്ന് പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതായതിനാല് ലൈംഗികപീഡന കുറ്റം നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ .
ശാരീരികമായി വൈകല്യമുള്ള 74 വയസുകാരനായ സിവിക് ചന്ദ്രന് മുപ്പതുകാരിയെ ബലമായി പീഡിപ്പിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.