രക്തദാനം ഒരു മഹത്തായ കാര്യമാണ്. രക്തം ദാനം ചെയ്യുന്ന വ്യക്തിക്ക് പകരമായി പണമോ, സ്വര്‍ണമോ വിലപിടിപ്പുള്ള ഒന്നും തന്നെ കൊടുത്താലും പകരമാവില്ല. എങ്കിലും ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൗജന്യമായി നല്‍കിയാല്‍ അതൊരു നല്ല കാര്യമല്ലേ…
എന്തായാലും അടുത്ത ഞായറാഴ്ച (ഡിസംബര്‍ 13)-ന് മുബൈയിലെ പ്രഭാദേവിയില്‍ രക്തദാനം ചെയ്യുന്നവര്‍ക്ക് ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ ആയി വീട്ടിലേക്ക് മടങ്ങാം.
സ്ഥലത്തെ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) കോര്‍പറേറ്ററും ശിവസേന നേതാവുമായ സാദാ സര്‍വന്‍കാര്‍ ആണ് വ്യത്യസ്തമായ രക്തദാന ക്യാംപിന് പിന്നില്‍. ഡിസംബര്‍ 13-ലേക്കായി ന്യൂ പ്രഭാദേവിക്കടുത്ത് രാജഭാവു സാല്‍വി മൈതാനത്താണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.
ലോവര്‍ പരേലിലെ കെഇഎം ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ്. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 11-ന് മുന്‍പായി സാമാന പ്രെസ്സിനടുത്തുള്ള 194-ാം ശിവസേന ശാഖയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്കാണ് രക്തദാനം ചെയ്യാനുള്ള അവസരം. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഒരു കിലോ ചിക്കന്‍ അല്ലെങ്കില്‍ പനീറുമായി വീട്ടിലേക്ക് മടങ്ങാം.
‘കോഴി, പാല്‍ ഉല്‍പന്നങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രോട്ടീന്റെയും വിറ്റാമിനുകളുടെയും നല്ല ഉറവിടമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ വായിച്ചപ്പോഴാണ് ചിക്കന്‍, പനീര്‍ എന്നിവ വിതരണം ചെയ്യാനുള്ള ആശയമുണ്ടായത്.
ഇതൊരു മഹാവ്യാധിയുടെ കാലഘട്ടം ആയതുകൊണ്ട് രക്തദാതാക്കള്‍ക്ക് ചിക്കന്‍ അല്ലെങ്കില്‍ പനീര്‍ ഉപഹാരമായി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു’, സാദാ സര്‍വന്‍കാര്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 1000 രക്തദാതാക്കളെയാണ് ക്യാമ്പില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം 300ല്‍ അധികം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബ്ലഡ് ബാങ്കുകളില്‍ രക്ത വിതരണം കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വമേധയാ രക്തം ദാനം ചെയ്യണമെന്ന് ഈ മാസം ആദ്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യര്‍ഥിച്ചിരുന്നു.
കൊറോണ കാലത്തിന് മുമ്പ് വലിയ അളവില്‍ രക്തം ശേഖരിക്കാറുണ്ടായിരുന്ന നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയപ്പോള്‍ രക്ത ശേഖരണം തടസ്സപ്പെട്ടു. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് താക്കറെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇത്തരമൊരു പദ്ധതി കേരളത്തിലും പരീക്ഷിക്കാവുന്നതാണെന്നു ചുരുക്കം.