കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ അടിക്കടി കര്‍ഷക മാര്‍ച്ച് നടത്തുകയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിസാന്‍ സഭ. അവിടുത്തെ ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ സാധിച്ചെടുക്കുന്നുമുണ്ട്. രണ്ടാം ലോങ്മാര്‍ച്ച് കഴിഞ്ഞിടെയാണ് അവസാനിച്ചത്.കഴിഞ്ഞവര്‍ഷം നടന്ന കിസാന്‍ ലോങ്മാര്‍ച്ചിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് രണ്ടാം കിസാന്‍ മാര്‍ച്ചുമായി കര്‍ഷകര്‍ സമരരംഗത്തിറങ്ങിയത്. ഇതോടെ ഉറപ്പുകള്‍ എഴുതി വാങ്ങി സമരം തീര്‍ത്തു. ഇത്തരത്തില്‍ ഹിന്ദി മണ്ണില്‍ ആവേശം നിറയ്ക്കുന്ന കിസാന്‍ സഭ കേരളത്തില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിക്കാര്‍ കുറവായ ഇവിടെയും നിരവധി കര്‍ഷകര്‍ ആത്മഹത്യ മുമ്പില്‍ കണ്ടുകൊണ്ടാണ് ജീവിക്കുന്നത്.
എന്നാല്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്താനോ സമരം ചെയ്യാനോ കിസാന്‍ സഭയ്ക്ക് ആകില്ല. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കര്‍ഷകരുടെ കണ്ണീരിന് വിലയില്ല. ഇതോടെ ഇടുക്കി ആത്മഹത്യയുടെ ജില്ലയായി മാറുകയാണ്. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം ആറായി. പ്രളയം സര്‍വ്വതും നഷ്ടപ്പെടുത്തിയ കര്‍ഷകര്‍ ഓരോരുത്തരായി ജീവനൊടുക്കുന്നു. നവകേരളം നിര്‍മ്മിക്കുമെന്ന് വാക്കുകൊടുത്ത പിണറായി സര്‍ക്കാരാകട്ടെ ഒന്നും ചെയ്യുന്നുമില്ല. കര്‍ഷകരുടെ മരണം ഉയര്‍ത്തി ഹര്‍ത്താലും പ്രതിഷേധവും സംഘടിപ്പിക്കാന്‍ ആളുമില്ല. ആനയുടെ ചവിട്ടേറ്റ് ആളുകള്‍ മരിച്ചാല്‍ പോലും കേരളത്തെ സതംഭിപ്പിക്കുന്നവര്ക്ക് കര്‍ഷകരുടെ ആത്മഹത്യ വെറും മരണമാണ്. അതുകൊണ്ട് തന്നെ ആത്മഹത്യകള്‍ തുടരുകയും ചെയ്യുന്നു.
പ്രളയത്തില്‍ സകലകൃഷിയും നശിച്ച ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് (76) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സമ്മിശ്ര കര്‍ഷകനായ സുരേന്ദ്രന്റെ കൃഷിയിടത്തില്‍ പ്രളയം വലിയ നാശമുണ്ടാക്കിയിരുന്നു. 18ന് ആണ് സുരേന്ദ്രനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം. ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് 3 ഘട്ടങ്ങളിലായി ആറു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ സുരേന്ദ്രന് ആത്മഹത്യയിലൂടെ എല്ലാ ബാധ്യതയും ഉപേക്ഷിച്ചു. പ്രളയ ബാധിത സ്ഥലങ്ങളില്‍ ജപ്തിയും മറ്റും വേണ്ടെന്ന് വയ്ക്കുമെന്ന പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കാണെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ജപ്തി നോട്ടിസ് ലഭിച്ചതായി ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. 5 പെണ്മക്കളും മകനുമാണ് സുരേന്ദ്രനുള്ളത്. പെണ്മക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ജപ്തി നോട്ടിസ് ലഭിച്ചതോടെ ഭൂമി വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വിഷമത്തിലായിരുന്നു സുരേന്ദ്രനെന്നും ബന്ധുക്കള്‍ പറഞ്ഞു. വൈകിട്ട്. ഭാര്യ. സരോജിനി. മക്കള്‍. ജിജി, വിനീത, ഷിജി, സിബി, അനീഷ്, അമ്പിളി. മരുമക്കള്‍, സുധാകരന്, ജയന്, സന്തോഷ്, സജീവന്, സൗമ്യ, സതീശന്.
കടബാധ്യതയും ജപ്തിഭീഷണിയും താങ്ങാനാവാതെ കണിച്ചാറിലെ യുവകര്ഷകന് ഈ മാസം 23നും ആത്മഹത്യചെയ്തിരുന്നു. കണിച്ചാര്‍ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയില്‍ ഷിജോ (39) ആണ് സ്വന്തം കൃഷിയിടത്തില്‍ ആത്മഹത്യചെയ്തത്. വിവിധ ബാങ്കുകളില്‍നിന്നായി 10 ലക്ഷം രൂപയിലധികം വായ്പകളും വ്യക്തിഗത വായ്പകളും വാഹന വായ്പയും നിലവിലുണ്ടായിരുന്നു. കഴിഞ്ഞദിവസം ജില്ലാ ബാങ്കധികൃതര്‍ വീട്ടിലെത്തി ലോണ്‍ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാഹനവായ്പ നല്കിയ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്നുള്ളവരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. റബര്‍ വിലയിടിവും ഷിജോയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു.
ബാങ്കില്‍നിന്ന് ആളുകള്‍ വന്നതോടെ ഷിജോ അസ്വസ്ഥനായിരുന്നു .പ്രളയത്തെ തുടര്‍ന്ന് ബാങ്ക് വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ബാങ്കുകള്‍ വീടുകള്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. മൊറട്ടോറിയം ഉള്ളപ്പോള്‍ എങ്ങനെ ബാങ്കുകാര് വായ്പ തിരിച്ചു ചോദിക്കുന്നുവെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.കഴിഞ്ഞ ഹര്‍ത്താല്‍ ദിനം പുലര്‍ച്ചെയാണ് കീടനാശിനി കഴിച്ചത്. ഗുരുതരാവസ്ഥയിലായ സുരേന്ദ്രനെ താലൂക്ക് ആശുപത്രിയില്‍നിന്നു പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടാണ് മരണം. കൂലിപ്പണിക്കാരനായ മകനോടൊപ്പം താമസിച്ചിരുന്ന സുരേന്ദ്രന്, സ്വന്തം കൃഷിയിടത്തില്‍ കൂടാതെ പലയിടത്തും സ്ഥലം പാട്ടത്തിനെടുത്തു വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ ചെയ്തിരുന്നു. പ്രളയത്തോടെ എല്ലാം തകര്‍ന്നു. ഒപ്പം കടബാധ്യതയുമെത്തി. ഇതോടെയാണ് സുരേന്ദ്രന് വിഷം കഴിച്ചത്.
വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണി (57)യെ കൃഷിയിടത്തില്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ജനുവരി ആദ്യവാരത്തില്‍ തോപ്രാംകുടി നിവാസി താന്നിനിക്കാട്ടകാലായില്‍ സന്തോഷ് എന്ന യുവകര്‍ഷകനും, അതിന് ശേഷംകടബാധ്യതയില് മനംനൊന്ത് പെരിഞ്ചാന്‍കുട്ടിയിലെ കുടിയേറ്റ കര്ഷകന് സഹദേവനും ഇടുക്കിയില്‍ ആത്മഹത്യ ചെയ്തിരുന്നു. അടിമാലി ആനവിരട്ടിയില്‍ കോക്കാലില്‍ രാജു(62) വും ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടര്‍ന്നായിരുന്നു. കൊക്കോ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് രാജുവിനെ കണ്ടെത്തിയത്. ബാങ്കില്‍ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതില്‍ മനംനൊന്താണ് രാജു ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ് അടിമാലിയിലെ പൊതുമേഖലാ ബാങ്കില്‍ നിന്നും രാജുവിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സ്ഥലംവിറ്റ് കടം വീട്ടാന്‍ രാജു ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആളില്ലാത്തതിനാല്‍ അതും നടന്നില്ല.
ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള മേഖലകളിലെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 31നാണ് പ്രളയമേഖലകളിലെ കാര്‍ഷിക വായ്പകളുടെ പലിശയ്ക്ക് ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും ആറുമാസത്തെ മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. പ്രളയമേഖലകളിലെ കുടിശികക്കാരില്‍ നിന്നും വായ്പ തിരിച്ചു പിടിക്കാന്‍ സര്‍ഫാസി നിയമം പ്രയോഗിക്കേണ്ടെന്നും ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കൈവിട്ട സര്‍ക്കാരിനെതിരെ മലയോര മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്.
ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് സമരരംഗത്തേക്ക് എത്തുന്നതായി സൂചനയുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ബുധനാഴ്ച ഇടുക്കി കളക്റ്റ്രേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തും. തുടര്‍സമരങ്ങള്‍ യുഡിഎഫ് ഉഭയകക്ഷിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്താനാണ് യുഡിഎഫിന്റെ നീക്കം. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സമരരംഗത്തുണ്ട്. ഇതിന് ഊര്‍ജം പകരാനാണ് ഘടകകക്ഷികള്‍ കൂടി എത്തുന്നത്. ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിച്ചെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജില്‍ ഇല്ലെന്നാണ് യുഡിഎഫിന്റെ ആരോപണം. കര്‍ഷകരെ കണ്ടില്ലെന്നു നടിക്കാനാണ് ഇനിയും സര്‍ക്കാരിന്റെ ഭാവമെങ്കില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നുറപ്പാണ്.