നാല്‍പതു കഴിഞ്ഞാല്‍ പിന്നെ ചെറുപ്പം നഷ്ടമാകുമെന്നാണ് ഒട്ടു മിക്ക ആളുകളുടെയും ധാരണ. എന്നാല്‍ ആ ധാരണ തിരുത്തിക്കുറിക്കുകയാണ് ബ്രിട്ടനിലെ വാറിംഗ്ടണ്‍ സ്വദേശിയായ ബെന്‍ ജാക്‌സന്‍. ഇയാള്‍ക്ക് മക്കള്‍ മൂന്നാണുള്ളത്. കുട്ടികളുടെയൊപ്പം ഓടിയെത്താന്‍ പാടുപെട്ടപ്പോഴാണ് 45കാരനായ ജാക്‌സന്റെ മനസില്‍ ഈ മോഹം ഉദിക്കുന്നത്. ശരീരഭാരം കുറച്ച് ഒന്നു ഫിറ്റാവണം. അങ്ങനെയാണ് ഇയാള്‍ ജിമ്മില്‍ പോകാന്‍ ആരംഭിച്ചത് ഭാരം കുറച്ചു സുന്ദരനായതോടെ കുട്ടികള്‍ക്കും അച്ഛനോടുള്ള ഇഷ്ടം കൂടി. ഭാരം കുറച്ചതോടെ കുട്ടികള്‍ക്കു പിന്നാലെ അനായാസം ഓടിച്ചാടി നടക്കാം എന്നാണ് ജാക്‌സന്റെ സാക്ഷ്യം.
മറ്റെല്ലാവരെയും പോലെ കയ്യില്‍ കിട്ടിയതെല്ലാം തിന്ന് തടിവച്ചയാളായിരുന്നു ജാക്‌സനും. പക്ഷെ കുട്ടികളെ നോക്കാന്‍ തടി കൂടിയത് ബുദ്ധിമുട്ടാകുമെന്നു കണ്ടാണ് ജാക്‌സന്‍ ഫിറ്റാകാന്‍ തീരുമാനിച്ചത്. ജാക്‌സന്‍ ഈ തീരുമാനം എടുത്തപ്പോള്‍ പലരും മൂക്കത്തുവിരല്‍ വച്ചു. 45കാരന് വേറെ പണിയില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ അങ്ങനെയങ്ങു വിടാന്‍ ജാക്‌സന്‍ ഒരുക്കമായിരുന്നില്ല.
ഭക്ഷണനിയന്ത്രണമായിരുന്നു ആദ്യ പടി. കാര്‍ബോഹൈഡ്രേറ്റ് കുറച്ചു പ്രോട്ടീന്റെ അളവു കൂട്ടി. ഇടയ്ക്കു കഴിച്ചിരുന്ന സ്‌നാക്‌സ്, ചോക്കലേറ്റ്, ഐസ്ക്രീം, ലഡു, എനര്‍ജി ഡ്രിങ്ക് എല്ലാം ഒഴിവാക്കി. പകരം ദിവസം ആറു തവണ പ്രോട്ടീന്‍ റിച്ച് ഭക്ഷണം. മദ്യം പാടെ ഉപേക്ഷിച്ചു. ആഴ്ചയില്‍ ജിമ്മില്‍ അഞ്ചു ദിവസം വര്‍ക്ക്ഔട്ട്. അങ്ങനെ 12 ആഴ്ച കഴിഞ്ഞപ്പോള്‍ ബെന്‍ സിക്‌സ് പായ്ക്ക്. ഓരോ ആഴ്ചയിലും തന്റെ ശരീരത്തുണ്ടായ മാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെ ജാക്‌സന്‍ വ്യക്തമാക്കുന്നു.
നല്ല ഉറക്കം, ജോലിയില്‍ കൂടുതല്‍ താല്‍പര്യം, കുട്ടികളുടെ അടുത്തു പെരുമാറാന്‍ നല്ല ക്ഷമ, രോഗമില്ലാത്ത ജീവിതം ഇവയൊക്കെയാണ് ശരീരം ഫിറ്റ് ആയതോടെ ബോണസായി കിട്ടിയതെന്ന് ജാക്‌സന്‍ പറയുന്നു. നാല്‍പതുകളില്‍ യൗവ്വനം നഷ്ടമായെന്നു കരുതുന്നവരെ ആവേശം കൊള്ളിക്കുന്നതാണ് ജാക്‌സന്റെ ജീവിതകഥ.