യുകെജി വിദ്യാര്ഥിയായ കാര്ത്തികേയന്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുകയാണ് ആളുകള് ഒന്നടങ്കം ഇപ്പോള്.
ആറുവയസുകാരന് പോലീസ് സ്റ്റേഷനിലെത്തിയപ്പോള് പോലീസുകാര് ആദ്യമൊന്നമ്പരന്നു. പിന്നെ കാര്യം തിരക്കിയപ്പോളാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്.
ആന്ധ്രയിലെ ചിറ്റൂര് ജില്ലയിലെ യുകെജി വിദ്യാര്ഥിയായ കാര്ത്തികേയന്റെ പോലീസ് സ്റ്റേഷന് സന്ദര്ശനം വളരെപ്പെട്ടെന്നാണ് സോഷ്യല് മീഡിയയില് ചര്ച്ചയായത്.
വെറുതെ സന്ദര്ശിക്കാനല്ല പലമനേരില് ആദര്ശ പ്രൈവറ്റ് സ്കൂള് യുകെജി വിദ്യാര്ഥിയായ കാര്ത്തികേയനെന്ന സ്കൂള് വിദ്യാര്ത്ഥിയായ പരാതിക്കാരന് പോലീസ് സ്റ്റേഷനിലെത്തിയത്.
മറിച്ച് സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെടുത്താനാണ് ഈ കുഞ്ഞുവിരുതനെത്തിയത്.
തന്റെ സ്കൂളിന് സമീപത്തെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ഈ കുഞ്ഞുമിടുക്കന്റെ ആവശ്യം.
ആറുവയസുകാരന്റെ വരവില് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥര് ആദ്യമൊന്ന് അമ്പരന്നു, പക്ഷേ പിന്നീട് കാര്ത്തികേയനെ ചേര്ത്തുനിര്ത്തി സ്റ്റേഷന് സി.ഐ ഭാസ്കര് വിവരങ്ങള് ആരാഞ്ഞു.
”എന്റെ സ്കൂളിന് സമീപത്തെ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. പോരാത്തതിന് റോഡിന് നടുവില് ജെസിബി നിര്ത്തിയിട്ടിരിക്കുന്നതിനാല് വലിയ തോതില് ഗതാഗത കുരുക്കും നേരിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെല്ലാവരുമെത്തി പ്രശ്നം പരിഹരിക്കണം.” ഇതൊന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കാര്ത്തികേയന് സ്റ്റേഷനിലെത്തിയത്.
ആറുവയസുകാരന്റെ നിഷ്കളങ്കവും ധീരവുമായ ഈ പ്രവൃത്തി എല്ലാവരെയും അത്ഭുതപ്പെടുത്തി. കാര്ത്തികേയന്റെ പരാതി പരിഗണിച്ച പൊലീസ് ഉടന്തന്നെ വിഷയം പരിഹരിക്കുമെന്ന് ഉറപ്പ് നല്കി.
കൂടാതെ സിഐ തന്റെ ഫോണ് നമ്പര് കാര്ത്തികേയന് നല്കുകയും ചെയ്തു. ശേഷം മധുരം നല്കിയാണ് ഈ കൊച്ചുമിടുക്കനെ പൊലീസ് അധികൃതര് തിരിച്ചയച്ചത്. ഏതായാലും കാര്ത്തികേയന് സാമൂഹ്യമാധ്യമങ്ങളില് താരമായിക്കഴിഞ്ഞു.