ഞങ്ങള്‍ അവനെ ഏറ്റെടുത്തോളം! അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതിയ ആറുവയസുകാരന്‍ വൈറ്റ്ഹൗസില്‍; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍

obama1രണ്ടാം ലോക മഹായുദ്ധം മുതല്‍ ലോകത്തിന്റെ ശ്രദ്ധയും കണ്ണീരും പിടിച്ചുപറ്റുന്ന വിഷയമാണ് ‘അഭയാര്‍ഥി’ പ്രശ്‌നം. സിറിയയിലാണ് ഈ പ്രശ്‌നം ഇപ്പോഴും അതിരൂക്ഷമായി തുടരുന്നത്. സിറിയയില്‍ നിന്നുള്ള വാര്‍ത്തകള്‍ ലോക മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതുമാണ്. സിറിയയിലെ ഭീകരാന്തരീക്ഷത്തെ മുഴുവന്‍ ആവാഹിച്ചുകൊണ്ടുള്ള രണ്ട് ഫോട്ടോഗ്രാഫുകളും നമ്മള്‍ കണ്ടതാണ്.

ഐലാന്‍ ഖുര്‍ദി എന്ന മൂന്നു വയസുകാരനും ഒമ്രാന്‍ ഡക്‌നീഷ് എന്ന അഞ്ച് വയസുകാരനുമായിരുന്നു ജനഹൃദയങ്ങളെ പിടിച്ചുകുലുക്കിയ ആ ഫോട്ടോഗ്രാഫുകളില്‍. സിറിയയില്‍  അരങ്ങേറിയ കലാപത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ അഴുക്കും രക്തവുമായി ആംബുലന്‍സില്‍ ഇരിക്കുന്ന ഒംറാന്റെ ചിത്രം വളരെപ്പെട്ടെന്നാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ചിത്രം വൈറലായതോടെ ചില പ്രത്യേക സംഭവങ്ങളും നടന്നു.
obama2

ന്യൂയോര്‍ക്കില്‍ നിന്നുള്ള ആറുവയസുകാരന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഒരു കത്തയച്ചു. അലക്‌സ് എന്നാണ് ഈ കൊച്ചുമിടുക്കന്റെ പേര്. കലാപത്തില്‍ പരിക്കേറ്റ ഒമ്രാന് അവന്റെ വീട് തിരിച്ചുകിട്ടണം എന്നതായിരുന്നു അലക്‌സിന്റെ ആവശ്യം. കൂടാതെ  താനും  സഹോദരി കാതറിനും ഒമ്രാനെ ഒരു സഹോദരനായാണ്  കാണുന്നതെന്നും അവനെ ഏറ്റെടുക്കാന്‍ തയാറാണെന്നും കത്തില്‍ പറയുന്നു. അലക്‌സിന്റെ ഉദാരമനസ്ഥിതിയില്‍ ഒബാമയ്ക്ക് വലിയ മതിപ്പുളവായി. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് അലക്‌സ് വായിക്കുന്നതിന്റെ വീഡിയോ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ടു.
obama3

കൂടാതെ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ നേതൃ സംഗമത്തിലും അലക്‌സിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചയായി. എന്തിനേറെപ്പറയുന്നു, സാക്ഷാല്‍ ഒബാമ തന്നെ അലക്‌സിനെയും വീട്ടുകാരെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും അവനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കൂടാതെ അലക്‌സിന്റെ നല്ല മനസിനെ പ്രോത്സാഹിപ്പിക്കാനും ഒബാമ മടിച്ചില്ല. ഉടനടി വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയാണ് ഒബാമ അലക്‌സിനെ യാത്രയ്ക്കിയത്. ലോകം മുഴുവന്‍ അലക്‌സിനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണിപ്പോള്‍. അലക്‌സും ഒബാമയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

Related posts