സ്വന്തമായി ഒരു വീട് എന്നത് ഒട്ടുമിക്കവരുടെയും സ്വപ്നമാണ്. ചിലര്‍ ചെറുപ്പത്തില്‍ തന്നെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റുചിലര്‍ പ്രായമേറെ ചെന്നിട്ടായിരിക്കും ആ ഉദ്യമം പൂര്‍ത്തീകരിക്കുക.
എന്നാല്‍ ഇതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ സ്വദേശിയായ ഒരു ആറ് വയസ്സുകാരി തന്റെ സഹോദരനും സഹോദരിക്കുമൊപ്പം ചേര്‍ന്ന് ഒരു വീട് സ്വന്തമായി വാങ്ങിയിരിക്കുകയാണ്.
വീട് വാങ്ങാനുള്ള പണം മുഴുവന്‍ നല്‍കിയത് അവളുടെ മാതാപിതാക്കളല്ല. എന്നാല്‍ ചെറിയൊരു സഹായം മാതാപിതാക്കള്‍ ചെയ്തു.
കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് മെല്‍ബണിന്റെ പരിസര പ്രദേശത്തുള്ള വസ്തുക്കളുടെ വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടി തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് ഒരു വീട് വാങ്ങിയത്.
പ്രദേശത്തെ പ്രധാന പ്രോപ്പര്‍ട്ടി ഡീലറായ കാം മക്ലെല്ലന്റെ (36) മക്കളാണ് സ്വന്തമായി വീട് വാങ്ങിയ ഈ കൊച്ചുമിടുക്കര്‍.
പ്രദേശത്ത് സ്ഥലത്തിന്റെ വിലകള്‍ ഉടന്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തന്റെ മൂന്ന് മക്കളെയും വസ്തു വാങ്ങാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
എന്നാല്‍ ഇവര്‍ക്ക് മുഴുവന്‍ പണവും അദ്ദേഹം നല്കിയിരുന്നുമില്ല. പകരം, പണം സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി.
അവരുടെ പോക്കറ്റ് മണി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില മാര്‍ഗങ്ങളും അദ്ദേഹം അവര്‍ക്ക് നിര്‍ദ്ദേശിച്ചു.
ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കാം തന്റെ കുട്ടികളെ വീട്ടുജോലികള്‍ ചെയ്യാന്‍ ഉള്‍പ്പെടുത്തുകയും അവര്‍ക്ക് ചെയ്യുന്ന ജോലിയ്ക്ക് അനുസരിച്ച് പണം നല്‍കുകയും ചെയ്തിരുന്നു.
കുട്ടികള്‍ പിതാവിന്റെ പുസ്തകങ്ങള്‍ പാക്ക് ചെയ്യാന്‍ സഹായിച്ച് നാലര ലക്ഷത്തോളം രൂപ സമാഹരിച്ചു. കാം ബാക്കി പണം മുടക്കി മക്കളുടെ പേരില്‍ വസ്തു വാങ്ങുകയായിരുന്നു.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കുട്ടികളുടെ വസ്തുവിന്റെ വില ഇരട്ടിയാകുമെന്നും അദ്ദേഹം പറയുന്നു.
ഇന്ന് തനിക്ക് അഞ്ച് കോടിയോളം രൂപ ചെലവായ വീടിന് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10 കോടിയോ അതിലധികമോ ആയി വില ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രോപ്പര്‍ട്ടി കമ്പനിയായ ഓപ്പണ്‍ കോര്‍പ്പറേഷന്റെ ഡയറക്ടറും സഹസ്ഥാപകനുമാണ് കാം. ഇതോടൊപ്പം എങ്ങനെ വസ്തുവില്‍ നിക്ഷേപിക്കാം എന്നതിനെക്കുറിച്ച് ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
‘മൈ ഫോര്‍ ഇയര്‍ ഓള്‍ഡ്, ദി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റര്‍’ എന്നാണ് ഈ പുസ്തകത്തിന്റെ പേര്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായി ഇത് മാറുകയും ചെയ്തു.