ഡൽഹി: പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസാക്കണമെന്ന് നിർദേശിച്ച് സംസ്ഥാനങ്ങൾക്കു കത്തയച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ കത്തയച്ചത്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ(2020) നിർദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് തികയണമെന്നത്. 2021 മാർച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്തി വീണ്ടും കത്തയച്ചത്.
14 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. വരുന്ന അധ്യയന വർഷം മുതൽ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതു നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 3-6 വയസ് ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് നഴ്സറി, കെജി തലമാണ്.
അതേസമയം കേരളം ഇക്കൊല്ലം കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കാൻ ഇവിടെ സാധിക്കില്ല. പല നിർദേശങ്ങളിലും വിയോജിപ്പുണ്ട്. പ്രായപരിധി 6 വയസാക്കണമെന്ന നിർദേശം പെട്ടെന്ന് നടപ്പാക്കിയാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.