മൗണ്ട് മൗൻഗനൂയി: ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന റിക്കാർഡിൽ ഹിറ്റ്മാൻ എന്നുവിശേഷിപ്പിക്കപ്പെടുന്ന രോഹിത് ശർമ. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പമാണ് രോഹിത് ഇപ്പോൾ. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ രണ്ട് സിക്സർ രോഹിത് പറത്തി.
ധോണിക്കും രോഹിതിനും 215 സിക്സർ വീതമാണുള്ളത്. ധോണി ഏഷ്യൻ ഇലവനുവേണ്ടിയുള്ള മത്സരത്തിൽ നേടിയ ഏഴ് സിക്സർകൂടി കൂട്ടുന്പോൾ 222ൽ എത്തും. 337 ഏകദിനങ്ങളിൽനിന്നാണിത്. 199 മത്സരങ്ങളിൽനിന്നാണ് രോഹിത് 215 സിക്സർ പറത്തിയിരിക്കുന്നത്. ഇതിൽ 66 എണ്ണം ഓസ്ട്രേലിയയ്ക്കെതിരേയാണ്.
351 സിക്സറുകൾ പറത്തിയ പാക് വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദിയാണ് അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവുമധികം സിക്സർ പട്ടികയിൽ ഒന്നാമത്. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിൽ (275 സിക്സർ), ശ്രീലങ്കയുടെ സനത് ജയസൂര്യ (270 സിക്സർ), എം.എസ്. ധോണി (222 സിക്സർ) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.