പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെ എസ് ആർ ടി സി യിൽ ഒരു മാസം 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്തില്ലെങ്കിൽ ശമ്പളം അനുവദിക്കേണ്ടതില്ല എന്ന വ്യവസ്ഥയിൽ നേരിയ ഇളവ് പ്രഖ്യാപിച്ചു.
അവധി എടുത്തതിന്റെ വ്യക്തമായ കാരണങ്ങളും അനുബന്ധരേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കിയാൽ അതാത് മാസംതന്നെ ശമ്പള ബിൽ തയാറാക്കും.
16 ഫിസിക്കൽ ഡ്യൂട്ടി ചെയ്യാത്തവർ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് മേലിൽ ചീഫ് ഓഫീസിലേയ്ക്ക് അപേക്ഷയുമയയ്ക്കരുത്.
തലേ മാസം 26 മുതൽ ശമ്പളമാസം 25 വരെയുള്ള ഹാജർ നില പരിശോധിച്ചാണ് ശമ്പള ബിൽ തയാറാക്കുന്നത്. 16 ഫിസിക്കൽ ഡ്യൂട്ടി തികയാത്തവർക്ക് ശമ്പളം അതാത് മാസം നല്കില്ല.
പിന്നീട് സപ്ലിമെന്ററിയായാണ് അനുവദിക്കുന്നത്. ഇത് മൂലം യഥാസമയം ശമ്പളം കിട്ടാത്തതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്.
ജീവനക്കാർ കുട്ടികളുടെ വിദ്യാഭ്യാസകാരണങ്ങൾ,ബന്ധുക്കളുടെ മരണം, വിവാഹം, അപകടങ്ങൾ, ആശുപത്രി തുടങ്ങി വിവിധ കാരണങ്ങളാലാണ് ജീവനക്കാർ അവധി എടുക്കുന്നത്.
ഇത്തരം കാരണങ്ങളാൽ അവധി എടുക്കുന്ന ജീവനക്കാർ 16 ഫിസിക്കൽ ഡ്യൂട്ടി തികച്ചില്ലെങ്കിൽ അവരുടെശമ്പള ബിൽ എഴുതില്ല എന്നതായിരുന്നു ഇതുവരെയുള്ള രീതി.
ഇതിനെതിരെ , വ്യക്തമായ കാരണങ്ങളാലാണ് അവധി എടുത്തതെന്ന് കാണിച്ചാണ് ജീവനക്കാർ ചീഫ് ഓഫീസിൽ അപേക്ഷ നല്കുന്നത്. ഇത്തരം അപേക്ഷകൾ ക്രമാതീതമായി വർദ്ധിക്കുകയാണെന്നാണ് ചീഫ് ഓഫിസിലെ വിലയിരുത്തൽ.
ഇനി ചീഫ് ഓഫീസിലേയ്ക്ക് അപേക്ഷ അയയ്ക്കരുത്. ഇത്തരം അപേക്ഷകൾ യൂണിറ്റ് ഓഫീസർമാർക്ക് നല്കിയാൽ മതി. അവധി എടുത്തതിന്റെ വ്യക്തമായ കാരണങ്ങൾ, അതിനെ പിന്തുണയ്ക്കുന്ന രേഖകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയും അപേക്ഷയോടൊപ്പം ഹാജരാക്കണം, യൂണിറ്റ് മേധാവി പ്രാഥമിക പരിശോധന നടത്തി ജില്ലാ ഓഫീസർക്ക് കൈമാറണം.
ജില്ലാ ഓഫീസർ അന്തിമ തീരുമാനമെടുത്ത് ഫിനാൻഷ്യൽ അഡ്വൈസർ ആന്റ് ചീഫ് അക്കൗണ്ടിംഗ് ഓഫീസർക്ക് അയയ്ക്കണം. അതാത് മാസം തന്നെ ഇത്തരക്കാരുടെ ശമ്പള ബിൽ തയാറാക്കും.