ന്യൂഡൽഹി: രാജ്യത്തിന്റെ കാവൽക്കാരായ സൈനിക ഉദ്യോഗസ്ഥർ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. സിയാച്ചിൻ മലനിരകളിലെ തണുപ്പ് മൈനസ് 60 ഡിഗ്രിയും കടന്ന് കുതിക്കവേയാണ് സൈനികർ തണുപ്പിന്റെ നേർ സാക്ഷ്യമായി വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
സൈനികർക്ക് നൽകിയ ഭക്ഷണ സാധനങ്ങളും പാനീയങ്ങളുടെ കുപ്പികളുമെല്ലാം ഐസുകട്ടകളായിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വെറുതെ തണുത്തുറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാൽ പോര. ജ്യൂസ് കുപ്പി കട്ടയായിരിക്കുന്നതും അത് ചുറ്റിക ഉപയോഗിച്ച് തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്.
ഇതിനു ശേഷം കൈയിലുള്ള മുട്ട ചുറ്റികയ്ക്ക് തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുന്നതും മറ്റൊരാൾ മുട്ട ഒരു കല്ലുപാളിയിലേക്ക് വലിച്ചെറിയുന്നതും എല്ലാം വീഡിയോയിൽ കാണാം. എന്നാൽ മുട്ട പൊട്ടുന്നില്ല എന്നിടത്താണ് തണുപ്പിന്റെ കാഠിന്യം മറ്റുള്ളവർക്ക് മനസിലാകുന്നത്. മറ്റുള്ളവരെ കാണിക്കുന്നതിനു വേണ്ടി തങ്ങൾ വെറുതെ പറയുന്നതല്ലെന്നും സ്ഥലത്തെ ജീവിതം ദുരിതപൂർണമാണെന്നും സൈനികർ പറയുന്നുണ്ട്.
സൈനികരുടെ പിന്നിൽ തണുത്തുറഞ്ഞ് ഐസ് കട്ടപിടിച്ചു കിടക്കുന്ന മലനിരകളും കാണാം. വീഡിയോ കണ്ട നൂറുകണക്കിനാളുകളാണ് സൈനികരെ പ്രശംസിച്ച് രംഗത്തെത്തുന്നത്. തണുത്തുറഞ്ഞ സിയാച്ചിനിലെ ജീവിതം ചിന്തിക്കാൻ പോലും സാധിക്കില്ലെന്നാണ് കമന്റിട്ടവരിലേറെയും അഭിപ്രായപ്പെട്ടത്.
തണുപ്പ് മൈനസ് 30- 40 ഡിഗ്രിയിലെത്തുമ്പോൾ തന്നെ ഇവിടെ ഭക്ഷണം പാകം ചെയ്യുക പോലും പ്രയാസമാണെന്നും അപ്പോൾ പിന്നെ മൈനസ് 60- 70 ഡിഗ്രി തണുപ്പ് എന്നത് ചിന്തിക്കാൻ പോലുമാകുന്നില്ലെന്നാണ് ചിലരുടെ കമന്റ്.
ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ യുദ്ധഭൂമികളിലൊന്നാണ് സിയാച്ചിൻ