തൊടുപുഴ: അർധരാത്രി വിവാഹിതയായ യുവതിയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. തൊടുപുഴ വെങ്ങല്ലൂർ അച്ചൻകവല പുളിയ്ക്കൽ സിയാദ് (കോക്കർ-34) മരിച്ച കേസിൽ അറസ്റ്റിലായ വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ദിഖിനെ (51) യുമായി ഇന്നു രാവിലെ പോലീസ് സംഘം തെളിവെടുപ്പു നടത്തിയത്.
കുത്താനുപയോഗിച്ച് കത്തിയും കണ്ടെടുത്തു. യുവതിയുടെ പിതാവാണ് പിടിയിലായ സിദ്ദിഖ്. സിയാദിനെ കൊലപ്പെടുത്തിയ ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട സിദ്ദിഖിനെ ഇന്ന വൈകുന്നേരം കോട്ടയത്തു നിന്നും തൊടുപുഴയിലേക്ക് വരുന്നതിനിടെ കോലാനിയിൽ വച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലിയുടെ തർക്കത്തിനൊടുവിലാണ് സിയാദ് കുത്തേറ്റ് മരിച്ചത്.
വിവാഹിതയായ യുവതിയുമായി സൗഹൃദം പുലർത്തിയിരുന്ന സിയാദ് വ്യാഴാഴ്ച രാത്രിയിൽ ഇവരുടെ വീട്ടിലെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ഇയാൾ വീട്ടിലെത്തിയതോടെ ഭർത്താവും സിയാദും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഭർത്താവ് ഈ വിവരം സിദ്ദിക്കിനെ അറിയിച്ചു. ഇതിനിടെ സിദ്ദിക്കും സിയാദും തമ്മിൽ കണ്ടുമുട്ടുകയും വാക്കേറ്റവും സംഘർഷവുമുണ്ടായി.
നാട്ടുകാർ ഇടപെട്ട് ഇവരെ പറഞ്ഞയച്ചെങ്കിലും വീണ്ടും വെങ്ങല്ലൂർ മുസ്ലീം പള്ളിയ്ക്കു സമീപത്ത് വച്ച് മദ്യപിച്ചെത്തിയ സിയാദും സിദ്ദിഖുമായി വീണ്ടും വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ സിദ്ദിഖ് സിയാദിനെ കത്തിയ്ക്കു കുത്തുകയായിരുന്നു.
നാട്ടുകാർ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നൽകി. അറസ്റ്റിലായ സിദ്ദിഖിനെ ഇന്നു തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കും.