ഒരിക്കല്‍ അപമാനിച്ചു ഇറക്കി വിട്ട ഇടത്ത് അതിഥിയായി എത്തിയ സന്തോഷത്തിലാണ് യുവതാരം സിയാദ് ഷാജഹാന്. ‘ആഡാറ് ലൗവി’ല്‍ ജോസഫ് മണവാളനായി എത്തി ആരാധക ഹൃദയത്തിലേറിയ താരമാണ് സിയാദ്. ടിക്ക് ടോക് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സിയാദ് സിനിമയിലേയ്ക്ക് എത്തിയതും പുറത്താക്കിയ സ്കൂളില്‍ അതിഥിയായി എത്തിയതിനെക്കുറിച്ചും ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
കോട്ടയത്തെ മുണ്ടക്കയത്തെ പബ്ലിക് സ്കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പക്ഷേ, എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അതോടെ ഏഴാം ക്ലാസ് ആയപ്പോള്‍ എന്നോട് സ്കൂള്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചില്ല
എന്റെ കൂട്ടുകാരൊക്കെ അവിടെയാണ്. എനിക്കവിടം വിട്ടു പോകുക ചിന്തിക്കാനാകുമായിരുന്നില്ല. ഉമ്മ കാല് പിടിച്ചു പറഞ്ഞപ്പോള്‍ അവര്‍ വഴങ്ങി. പക്ഷേ എട്ടാം ക്ലാസില്‍ നിര്‍ബന്ധപൂര്‍വം എന്നെ പറഞ്ഞു വിട്ടു. അതെനിക്ക് താങ്ങാനായില്ല. പുതിയ സ്കൂളില്‍ ഞാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
സിനിമയില്‍ എത്തിയ ശേഷം, ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷത്തിന് എന്നെ അവിടെ അതിഥിയായി ക്ഷണിച്ചു. വലിയ സ്വീകരണമായിരുന്നു. ഞാന്‍ സംസാരിക്കുന്നതിനിടെ പഴയ അനുഭവം പറഞ്ഞു. അപ്പോഴും കണ്ണുകള്‍ നിറഞ്ഞു. പരിപാടിക്കു പോകും മുമ്പ്, ‘നീയിത് അവിടെ പറയണം’ എന്ന് എന്റെ ചേട്ടനും പറഞ്ഞിരുന്നു-സിയാദ് പങ്കുവച്ചു.