കായംകുളം: സി പി എം പ്രവർത്തകൻ സിയാദിനെ വെറ്റ മുജീബും സംഘവും കൊലപ്പെടുത്തിയതിന് പിന്നിൽ നിരവധി പ്രതികാര കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് സി ഐ പറഞ്ഞു.കൊല്ലപ്പെട്ട സിയാദും വെറ്റമുജീബും എം എസ് എം ബ്രദേഴ്സ് ചാരിറ്റി സംഘടനയുടെ പ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു .
ഇതിനായി ഒരു വാട്സ് ആപ് ഗ്രൂപ്പും ഉണ്ടായിരുന്നു.കുറച്ചു നാൾ മുന്പ് വെറ്റ മുജീബിനെ ഈ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി.ഡി വൈ എഫ് ഐ പ്രവർത്തകൻ കൂടിയായ സിയാദാണ് എം എസ് എം ബ്രദേഴ്സ് ചാരിറ്റി സംഘടനയുടെ പ്രസിഡന്റ്.
കൂടാതെ വെറ്റ മുജീബിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സിയാദ് എതിരായിരുന്നു. കൂടാതെ വെറ്റ മുജീബിന്റെ വീടാക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടാൻ സിയാദ് സഹായിച്ചെന്നും പറയപ്പെടുന്നു.
നിരവധി പ്രതികാര കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അന്വേഷണ സംഘം പറഞ്ഞു. വെറ്റ മുജീബിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവർ തമ്മിൽ സാന്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ സിയാദ് ക്വറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണ വിതരണം നടത്തി മടങ്ങി വന്ന് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്പോഴായിരുന്നു വധിച്ചത്. ഒരുവയസും നാലുവയസുമുള്ള രണ്ട് പെണ്മക്കളാണ് കൊല്ലപ്പെട്ട സിയാദിനുള്ളത്.
വെറ്റ മുജീബിന്റെ കത്തിക്കായി തെരച്ചിൽ
കായംകുളം : സി പി എം പ്രവർത്തകനും മത്സ്യവ്യാപാരിയുമായിരുന്ന കായംകുളം വൈദ്യൻവീട്ടിൽ തറയിൽ സിയാദ് (35) നെ കുത്തികൊലപ്പെടുത്താൻ മുഖ്യ പ്രതി വെറ്റമുജീബ് ഉപയോഗിച്ച കത്തി കണ്ടെത്താൻ അന്വേഷണ സംഘം തെരച്ചിൽ ആരംഭിച്ചു.
പ്രത്യേകതരത്തിലുള്ള കത്തി ഉപയോഗിച്ചാണ് കൊലനടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.ആദ്യം തന്നെ സിയാദിന്റെ തുടയിലേക്ക് കത്തി കുത്തിക്കയറ്റി അയാളെ മറിച്ചിട്ടശേഷം വീണ്ടും കത്തി ഉൗരി ശരീരത്തിന്റെ പലഭാഗങ്ങളിൽ കത്തി കുത്തിക്കയറ്റിയായിരുന്നു കൃത്യം നിർവഹിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കരളിന് ആഴത്തിൽ ഏറ്റ മുറിവാണ്സിയാദിൻറ്റെ മരണകാരണമെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു.അതിനാൽ ഇത് സാധാരണ കത്തിയല്ലന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ് കസ്റ്റഡിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന വെറ്റമുജീബിനെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ഇന്നലെ വൈകുന്നേരത്തോടെ കായംകുളത്തെത്തിച്ചു.
ഇന്ന് വെറ്റമുജീബിനെ സംഭവം നടന്ന കായംകുളം ഫയർസ്റ്റേഷന് സമീപം എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുമെന്നും തുടർന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കുമെന്നും കായംകുളം സി ഐ മുഹമ്മദ് ഷാഫി പറഞ്ഞു.വിശദമായ അന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും സി ഐ പറഞ്ഞു.