ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമായ സിയാച്ചിന്‍ വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് സിയാച്ചിൻ സാധാരണക്കാർക്കായി തുറന്നു നൽകുകയാണെന്ന പ്രഖ്യാപനം നടത്തിയത്. സിയാച്ചിൻ ബേസ് ക്യാന്പ് മുതൽ കുമാർ പോസ്റ്റ് വരെ ഇനി മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാം.
സൈന്യത്തിന്റെ നിയന്ത്രണത്തോടെയായിരിക്കും സഞ്ചാരികളെ സിയാച്ചിനിലേക്ക് കടത്തിവിടുക. കടുത്ത തണുപ്പുള്ള സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമാണ്. ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരാണ് സിയാച്ചിനില്‍ തമ്പടിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നത്തെ തുടർന്നാണ് സാധാരണക്കാർക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.