ഭാവഗായിക പാട്ടുനിര്‍ത്തുന്നു! സംഗീതജീവിതത്തിന് വിരാമമിടാനുറച്ച് എസ് ജാനകി; പതിറ്റാണ്ടുകള്‍ നീണ്ട സംഗീത സപര്യ അവസാനിപ്പിക്കുന്നത് മൈസൂരിലെ വേദിയില്‍

തെന്നിന്ത്യന്‍ സംഗീതാസ്വാദകര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ാെരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംഗീത രംഗത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളിലൊരാളായ എസ്. ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നതാണത്. 60 വര്‍ഷം നീണ്ടു നിന്ന സംഗീത ജീവിതത്തിനാണ് മൈസൂരില്‍ വെച്ച് ഈ മാസം 28 ഓടു കൂടി വിരാമമിടാന്‍ എസ്. ജാനകി തീരുമാനിച്ചത്. ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്കുന്നത്. 1957 ഏപ്രില്‍ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം തമിഴില്‍ പുറത്തിറങ്ങി ‘മഗ്ദലനമറിയം’ എന്ന ചിത്രത്തിലെ ഗാനമാണ് എസ്. ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം.

പിന്നീട് 1957ല്‍ തന്നെ എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി തന്റെ വരവ് അറിയിച്ചു. സിനിമയില്‍ വന്ന് ആദ്യ വര്‍ഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളില്‍ പാടിയ റെക്കോര്‍ഡും എസ്.ജാനകി സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്ത പത്തു കല്‍പ്പനകള്‍ എന്ന സിനിമയിലാണ് ജാനകി അവസാനമായി മലയാളത്തില്‍ പാടിയത്. കേരള ആര്‍ട്സിന്റെ ബാനറില്‍ പുറത്തുവന്ന ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനു വേണ്ടി ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍എന്ന ഗാനമാണ് എസ്.ജാനകിയുടെ ആദ്യ മലയാളഗാനം. പിന്നീട് മലയാളത്തില്‍ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പം എസ്.ജാനകി പാടി. എസ് ജാനകിയിലൂടെയാണ് ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലേക്കെത്തുന്നത്. 1981ല്‍ ഓപ്പോളിലെ ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്… എന്ന ഗാനത്തിലൂടെ ആയിരുന്നു ഇത്. മാനസഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ 28ന് വൈകീട്ട് 5.30 മുതല്‍ രാത്രി 10.30 വരെയാണ് എസ് ജാനകിയുടെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

 

Related posts