പതിനൊന്നുകാരൻ ഷിയായൂ വളരുകയാണ്, വളർന്നുകൊണ്ടിരിക്കുകയാണ്… 2.06 മീറ്റർ ഉയരമുള്ള ഷിയായൂ വൈകാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരൻ എന്ന റിക്കാർഡിന് ഉടമയാകും. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലേഷൻ സിറ്റിയിലാണ് ഷിയായൂവിന്റെ താമസം. ആറാം ക്ലാസിൽ പഠിക്കുന്ന ഷിയായൂവിന് സഹപാഠികളുടെ ഇരട്ടി ഉയരമുണ്ട്.
അപൂർവ വളർച്ചയായതിനാൽ ക്ലാസ് റൂമിൽ ഇരിക്കാനുള്ള കസേരയും മേശയും പ്രത്യേകം പണിയിപ്പിച്ചിട്ടുണ്ട്. ഉയരക്കൂടുതലുണ്ടെന്നതൊഴിച്ചാൽ ഷിയായൂ മറ്റു കുട്ടികളേപ്പോലെ സാധാരണ കുട്ടിയാണ്. നന്നായി പഠിക്കും, മറ്റു കുട്ടികൾക്കൊപ്പം കായികവിനോദങ്ങളിൽ ഏർപ്പെടും.
കുട്ടിയുടെ അനിയന്ത്രിത വളർച്ച ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയുമായി ആശുപത്രിയിൽ ചെന്നെങ്കിലും പരിശോധനയിൽ അകാരണമായി ഒന്നും കണ്ടില്ല.
പാരന്പര്യമായി ഉയരമുള്ള കൂട്ടത്തിലാണ് ഷിയായൂവിന്റെ കുടുംബം. അതുകൊണ്ടുതന്നെ ഉയരക്കൂടുതലിൽ പേടിക്കാനില്ലെന്ന് ഡോക്ടർമാർ പറയുന്നു. മാതാപിതാക്കൾക്ക് 1.9 മീറ്റർ, 1.8 മീറ്റർ എന്നിങ്ങനെയാണ് ഉയരം. മുത്തച്ഛനും മുത്തശ്ശിയും യഥാക്രമം 1.9 മീറ്റർ, 1.75 മീറ്റർ ഉയരമുള്ളവരാണ്.
ബെയ്ജിംഗിലെ ഗിന്നസ് വേൾഡ് റിക്കാർഡ്സ് കൺസൾട്ടിംഗ് കന്പനിയുടെ റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്റെ ഉയരം 215.9 സെന്റീമീറ്ററാണ്. 11 വയസിൽ 206 സെന്റീമീറ്റർ ഉയരമുള്ള ഷിയായൂവിന് വൈകാതെതന്നെ റിക്കാർഡ് നേടാൻ കഴിയുമെന്നും അവർ പറഞ്ഞു.