തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ നിലവിലെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.
പക്ഷേ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വ്യാപകമായി അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെ ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്രമോ അതിശക്തമോ ആ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 115 മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനം ഞായറാഴ്ച ഉച്ചവരെ കേരളത്തിൽ അതിശക്തമായിരിക്കും. ഇതു കണക്കിലെടുത്ത് തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം.
വൈകുന്നേരത്തോടെ അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്ക്-വടക്ക്പടിഞ്ഞാറും ഗോവയിലെ പാനാജി തീരത്ത് നിന്ന് 330 കിലോമീറ്റർ തെക്കു-തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 11 കിലോമീറ്റർ വേഗത്തിൽ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരം തുടരുകയാണ്.
ഞായറാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിൽ പ്രവേശിക്കുമെന്നുമാണ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
നേരിടാൻ ഒരുക്കങ്ങൾ ദ്രുതഗതിയിൽ; നിർദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അവലോകന യോഗത്തിൽ തീരുമാനം.
ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളിലായി സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്ഡിആർഎഫ്- സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോണ്സ് ഫോഴ്സ്) 42 സംഘങ്ങളെ നിയോഗിച്ചതായും 26 സംഘങ്ങളെ കരുതലായി ഒരുക്കി നിർത്തിയതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നതിനാൽ രാത്രി മുതലുള്ള വിമാന സർവീസുകളെ ബാധിച്ചേക്കുമെന്നു വിമാനക്കന്പനികൾ അറിയിച്ചു.
ഏതാനും സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. റെയിൽ, ബസ് സർവീസുകളും ആവശ്യമെങ്കിൽ നിർത്തിവയ്ക്കും. ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റു മൂലം നാശമുണ്ടാകുന്ന മേഖലകളിൽ ആവശ്യത്തിനു ദുരന്ത നിവാരണ സൈനികരെയും ഉപകരണങ്ങളും ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ബോട്ടുകൾ മുതൽ മരങ്ങൾ മുറിച്ചു മാറ്റുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്കും വേണ്ട ഉപകരണങ്ങൾ കരുതലുണ്ടാകും. നാശം കുറയ്ക്കാനും മരണം ഒഴിവാക്കാനും വേണ്ടതെല്ലാം ചെയ്യാനും ധാരണയായി.
ആഭ്യന്തരം അടക്കമുള്ള കേന്ദ്ര മന്ത്രാലയങ്ങളിലെയും ദുരന്ത നിവാരണ സേനയിലെയും (എൻഡിആർഎഫ്), ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വീഡിയോ കോണ്ഫറൻസിലൂടെ നടന്ന പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുത്തു.