ഇരിട്ടി: ഡിജിപി അനിൽകാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ് പ്രൊഫൈൽ വഴി നൈജീരിയന്‍ സംഘം 14 ലക്ഷം തട്ടിയതിനു പിന്നാലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് എസ്പി എ.പി. ഷൗക്കത്തലിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് നിർമിച്ചും തട്ടിപ്പ് ശ്രമം.
ഷൗക്കത്തലിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി വാട്സ് ആപ്പില്‍ ചാറ്റിംഗ് നടത്തിയാണ് പണം തട്ടാൻ ശ്രമം നടത്തിയത്.
മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവരുമായി ചാറ്റിംഗ് നടത്തിയായിരുന്നു തട്ടിപ്പ് ശ്രമം.
വിവരമറിഞ്ഞ ഉടൻ എസ്പി ഷൗക്കത്തലി സൈബര്‍ ഡോമില്‍ പരാതി നല്കി നമ്പര്‍ ബ്ലോക്ക് ചെയ്യിച്ചു.
ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ മെസഞ്ചര്‍ വഴിയും ചാറ്റിംഗ് നടത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് ഷൗക്കത്തലി തന്റെ ഫേസ്ബുക്ക് വഴി നല്‍കിയിട്ടുണ്ട്.
മുന്‍ എന്‍ഐഎ എഎസ്പിയായ ഷൗക്കത്തലി അടുത്തിടെയാണ് ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് സംസ്ഥാന പോലീസ് സേനയിൽ തിരിച്ചെത്തിയത്.
ഡിജിപി അനില്‍കാന്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് നൈജീരിയക്കാരെ ഡല്‍ഹിയില്‍നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഡിജിപിയുടെ പേരില്‍ വ്യാജ വാട്സ് ആപ് പ്രൊഫൈല്‍ നിർമിച്ച് കൊല്ലം സ്വദേശിനിയില്‍നിന്ന് 14 ലക്ഷം രൂപയായിരുന്നു തട്ടിയെടുത്തത്.